കൊട്ടിയൂര്‍: ഡിവൈഎഫ്ഐ നേതാവും സിപിഎം ജില്ല നേതാവിന്റെ മകനുമായ ജീവനക്കാരനെ സ്വര്‍ണപ്പണയ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് പുറത്താക്കി. ബാങ്കിലെ തട്ടിപ്പ് പാര്‍ട്ടിയിലും പുറത്തും ചൂടേറിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് ജീവനക്കാരനെ അന്വേഷണവിധയേമായി പുറത്താക്കിയിട്ടുണ്ടെങ്കിലും മറ്റു നടപടിയൊന്നും സ്വീകരിക്കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകത്തിനടുത്ത സര്‍വീസ് സഹകരണ ബാങ്കിലാണ് വന്‍വെട്ടിപ്പ് നടന്നതായി തെളിഞ്ഞത്. സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി ഭരിക്കുന്ന ബാങ്കാണിത്. സിപിഎം നേതാവിന്റെ മകനും ബാങ്ക് ജീവനക്കാരനുമായ ബനേഷിനെയാണ് ഭരണസമിതി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗത്തിന്റെ മകനാണ് ബനേഷ്. ബാങ്ക് ഭരണസമിതി നടത്തിയ പ്രാഥമിക പരിശോധനയില്‍ ബനേഷ് ഏഴു ലക്ഷത്തിന്റെ തട്ടിപ്പു നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ 25ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പ് ഇവിടെ നടന്നതായും ആരോപണമുണ്ട്. ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണമെടുത്ത് ക്ലര്‍ക്കായ ബനേഷ് മറ്റാളുകളുടെ പേരില്‍ വീണ്ടും പണയംവെച്ചാണ് തട്ടിപ്പു നടത്തിക്കൊണ്ടിരുന്നത്. നിരവധിയാളുകളുടെ സ്വര്‍ണം ഇത്തരത്തില്‍ മാറ്റിവച്ചിട്ടുണ്ടെന്നാണ് സൂചന.
ബാങ്കില്‍ നിന്ന് പണയസ്വര്ണമെടുക്കാനെത്തിയവരില് ചിലര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ബാങ്ക് ഭരണസമിതി ഇതുവരെ പോലിസില്‍ പരാതി നല്‍കിയിട്ടില്ല. നഷ്ടപ്പെട്ട പണം തിരിച്ചടപ്പിച്ച് വീണ്ടും സിപിഎം നേതാവിന്റെ മകനെ സര്‍വീസില്‍ തിരിച്ചെടുക്കാനാണ് നീക്കമെന്നു അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: