തിരുവനന്തപുരം: ശബരിമല എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ ബിഷപ്പ് കെ.പി. യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കും നടത്തിപ്പുകാരാകാം. മുതലാളിമാര്‍ക്ക് മുതല്‍മുടക്കാന്‍ നിര്‍മിക്കുന്ന വിമാനത്താവളത്തില്‍ കേന്ദ്ര സര്‍ക്കാരിനോ ഭരണഘടനാസ്ഥാപനങ്ങള്‍ക്കോ യാതൊരു നിയന്ത്രണവുമുണ്ടാവില്ല. സിഎജിക്ക് ഓഡിറ്റ് നടത്താന്‍ പോലും സാധിക്കില്ല.
ആദ്യഘട്ടത്തില്‍ 1960 കോടി മുടക്കേണ്ടി വരും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ (കിയാല്‍) മാതൃകയില്‍ കമ്പനി രൂപീകരിച്ച് സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിച്ചത്. സര്‍ക്കാരിന് 35 ശതമാനം ഓഹരി മാത്രമാണ് കിയാലില്‍. കിയാല്‍ മോഡല്‍ പിന്തുടരുമെന്നു പറഞ്ഞതോടെ സര്‍ക്കാര്‍ ഓഹരി മുപ്പത്തഞ്ചില് ഒതുങ്ങുമെന്നുറപ്പ്്. ബാക്കി തുക സ്വകാര്യപങ്കാളിത്തത്തോടെ കണ്ടെത്താം. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് വിറ്റിട്ട് സര്‍ക്കാര്‍ നല്കുന്ന പണം കൊണ്ട് വേണമെങ്കില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കു വരെ വിമാനത്താവള നടത്തിപ്പില്‍ പങ്കാളിയാകാം.
ഭരണഘടനാസ്ഥാപനമായ സിഎജിക്ക്, സര്‍ക്കാരിന് തുച്ഛമായ ഓഹരിയുള്ള കമ്പനിയില്‍ ഓഡിറ്റ് നടത്താന്‍ പോലുമാവില്ല. കിയാലിന്റെ കണക്കുകള്‍ സിഎജി പരിശോധിക്കണമെന്നാവശ്യപ്പെട്ടപ്പോള് കഴിഞ്ഞ വര്‍ഷം കിയാല്‍ അതിനെതിരെ കോടതിയില്‍ പോയി. കമ്പനീസ് ആക്ട് 2013 ലെ സെക്ഷന്‍ രണ്ട് (45) പ്രകാരം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലോ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലോ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കമ്പനി മാത്രമേ സിഎജിയുടെ പരിധിയില്‍ വരൂവെന്നും കിയാല്‍ അത്തരം കമ്പനിയല്ലെന്നുമായിരുന്നു വാദം. കിയാലിന്റെ വാദം ശരിവച്ച് കോടതി സിഎജി ഓഡിറ്റിങ്ങിന് അനുമതി നിഷേധിച്ചു.
ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സര്‍ക്കാരിലെ ചില ഉന്നതരും ഗോസ്പല്‍ ഫോര്‍ ഏഷ്യയും അവരുടെ ബിലീവേഴ്സ് ചര്‍ച്ചും മേധാവി കെ.പി. യോഹന്നാനും ചേര്‍ന്നെടുത്തതാണ്. ഇത് 2016ല്‍ ഹൈക്കോടതിയില്‍ ബിലീവേഴ്സ് ചര്‍ച്ച് ഉന്നയിച്ച വാദത്തിലുണ്ട്. ചെറുവള്ളിയിലെ മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട്, ഉടമസ്ഥാവകാശം സംബന്ധിച്ച് ബിലീവേഴ്സ് ചര്‍ച്ച് കേസ് ഫയല്‍ ചെയ്തിരുന്നു.
ഇതിന്റെ വാദത്തിനിടെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ സര്‍ക്കാര്‍ എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നു ബിലീവേഴ്സ് ചര്‍ച്ച് കോടതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചത് തനിക്ക് അതേക്കുറിച്ച് യാതൊരു അറിവുമില്ലെന്നായിരുന്നു. 2016 ഒക്ടോബര്‍ 25ന് വന്ന കോടതി ഉത്തരവില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഈ വാദം വ്യക്തമാക്കിയിട്ടുണ്ട്.
ഇതു കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശബരിമല എയര്‍പോര്‍ട്ടിനായി ‘ഭൂമി അന്വേഷണം’ തുടങ്ങിയത്. 2017 ഏപ്രിലിലാണ് അന്നത്തെ റവന്യു സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ ശബരിമല എയര്‍പോര്‍ട്ടിന് അനുയോജ്യമായ ‘ഏതെങ്കിലും’ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. സ്ഥലം കണ്ടെത്താനിറങ്ങിയ കമ്മിറ്റി കൃത്യം ചെറുവള്ളി എസ്റ്റേറ്റ് തന്നെ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: