തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോയെന്ന് സമ്മതിച്ച് മുന്‍ സിമി നേതാവും മന്ത്രിയുമായ കെ.ടി ജലീല്‍. ഇങ്ങനെ വിതരണം ചെയ്തതില്‍ ഒരു തെറ്റുമില്ലെന്ന ന്യായീകരണവും ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഖുര്‍ആന്‍ വിതരണം ചെയ്തത്. സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ലന്നും ജലീല്‍ ഫേസ്ബുക്കില്‍ ന്യായീകരിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പോകുന്ന തോണിക്കൊരുന്ത്’
—————————————-
ഇന്ത്യയും യു.എ.ഇയും നയതന്ത്ര തലത്തില്‍ പതിറ്റാണ്ടുകളായി
നിലനില്‍ക്കുന്നത് ഊഷ്മള ബന്ധമാണ്. നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് UAE ല്‍ ജോലി ചെയ്യുന്നതും കച്ചവട വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നതും. അതുവഴി ദശകോടികളുടെ വിദേശനാണ്യമാണ് ഓരോ വര്‍ഷവും രാജ്യത്തേക്കൊഴുകി എത്തുന്നത്. പൊതുവില്‍ ഇന്ത്യക്കാര്‍ക്ക്, വിശേഷിച്ച് മലയാളികള്‍ക്ക്, വീടു വിട്ടാല്‍ മറ്റൊരു വിടു തന്നെയാണ് UAE. ആ ആത്മബന്ധം നില നില്‍ക്കുന്നത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ UAE സന്ദര്‍ശന വേളയില്‍ അവിടെ ലോകോത്തരമായ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും അതിനാവശ്യമായ സ്ഥലവും UAE ഭരണാധികാരിയോട് ആവശ്യപ്പെട്ടത്.
ചോദിക്കേണ്ട താമസം, നിര്‍മ്മാണാനുമതിയും അതിനാവശ്യമായ ഏക്കര്‍ കണക്കിന് സൗജന്യ ഭൂമിയുമാണ് അവര്‍ നല്‍കിയത്. ക്ഷേത്രം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായുള്ള പൂജാദി കര്‍മ്മങ്ങള്‍ ഇതിനകംതന്നെ പൂര്‍ത്തിയാക്കി ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചതായാണ് അറിവ്. കാശ്മീര്‍ പ്രശ്നത്തില്‍, അന്താരാഷ്ട്ര വേദികളില്‍ UAE ഇന്ത്യക്ക് അനുകൂല നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. ഒരു ഘട്ടത്തിലും അവര്‍ പാക്കിസ്ഥാന്റെ പക്ഷം ചേര്‍ന്നതായി കേട്ടിട്ടില്ല.
അങ്ങിനെയുള്ള ഒരു രാജ്യത്തിന്റെ കോണ്‍സുലേറ്റ് താല്പര്യപ്പെട്ടതനുസരിച്ച്, റംസാന് ഭക്ഷണക്കിറ്റുകളും, ലോകമെമ്പാടുമുള്ള മസ്ജിദുകളിലേക്ക് UAE അവരുടെ എംബസികളും കോണ്‍സുലേറ്റുകളും മുഖേന വര്‍ഷങ്ങളായി നല്‍കിവരാറുള്ള വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും, കേരളത്തില്‍ വിതരണം ചെയ്യാനുള്ള സൗകര്യം അഭ്യര്‍ത്ഥിച്ചതും, അതിന് സാഹചര്യം
ഒരുക്കിക്കൊടുത്തതുമാണ്, ‘രാജ്യവിരുദ്ധ’ പ്രവര്‍ത്തനമായി ചിലരിപ്പോള്‍ വിശേഷിപ്പിക്കുന്നത്. എങ്ങിനെയാണിത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നതാവുകയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. UAE യുടെ താല്പര്യം നിരാകരിച്ചിരുന്നുവെങ്കില്‍, അതല്ലേ രാജ്യതാല്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തിയാകുമായിരുന്നത്?
UAE കോണ്‍സുലേറ്റ് ചെയ്ത തീര്‍ത്തും സൗഹാര്‍ദ്ദപൂര്‍ണ്ണമായ ഒരു പ്രവര്‍ത്തിയെ, ഇകഴ്ത്തിക്കാണിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരന്, എന്റെ മെക്കട്ട് കയറുകയല്ല ചെയ്യേണ്ടത്. റംസാന് കിറ്റ് നല്‍കലും ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യലും ഇന്ത്യയില്‍ ഇനിമേലില്‍ നടക്കില്ലെന്ന് UAE ഭരണാധികാരികളെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. അതിനുള്ള ആര്‍ജ്ജവം കാണിക്കാതെ ജനങ്ങളെ ഭിന്നിപ്പിക്കാനുതകുന്ന പ്രസ്താവനകള്‍ നടത്തുന്നത് ശരിയാണോ എന്ന് അദ്ദേഹം ശാന്തമായി ആലോചിക്കുന്നത് നന്നാകും.
മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ ഒരു സര്‍ക്കാര്‍ വാഹനത്തില്‍ ഒരു രൂപ പോലും പൊതുഖജനാവിന് അധിക ചെലവില്ലാതെ കുറച്ച് വിശുദ്ധഖുര്ആന് പാക്കറ്റുകള്‍ കയറ്റി വഴിയിലിറക്കിയത് മഹാപരാധമാണെന്നാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന പാര്‍ട്ടിയും പറയുന്നത്.
‘പോകുന്ന തോണിക്ക് ഒരുന്തെ’ന്ന് കേട്ടിട്ടില്ലേ? അത് ചെയ്തതിനാണ് ഇവരുടെ ഈ കോലാഹലങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെടാത്തിടത്തോളം കാലം ഖുര്‍ആന്‍ കോപ്പികള്‍ മസ്ജിദുകളില്‍ ആര് നല്കിയാലും അതെങ്ങനെയാണ് തെറ്റാവുക? സര്‍ക്കാര്‍ വാഹനത്തിന്റെ നാലയലത്ത് പോലും അടുപ്പിക്കാന്‍ പറ്റാത്ത ഗ്രന്ഥമാണ് ഖുര്‍ആനെന്നാണോ ഇക്കൂട്ടരുടെ പക്ഷം? അങ്ങിനെയെങ്കില്‍, അവരത് തുറന്ന് പറയണം. എന്നിട്ടെനിക്കുള്ള ശിക്ഷയും വിധിക്കണം.
ക്ഷേത്രങ്ങളിലും പള്ളികളിലും ചര്‍ച്ചുകളിലും ഗുരുദ്വാരകളിലും, ദര്‍ശനം നടത്താനും ആരാധനകള്‍ നിര്‍വഹിക്കാനും, പ്രധാനമന്ത്രിയും മന്ത്രിമാരും ഗവര്‍ണ്ണര്‍മാരും ന്യായാധിപന്മാരും ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ വാഹനങ്ങളില്‍ പോകുന്നതും ഗവ:ന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതും പൊതു മുതലിന്റെ ദുര്‍വിനിയോഗമായി ഇതുവരെ ആരും അഭിപ്രായപ്പെട്ടത് കേട്ടിട്ടില്ലാത്ത നാടാണ് നമ്മളുടേത്. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര പാരമ്പര്യത്തിന്റെ നിദര്‍ശനമായാണ് അവയെല്ലാം ഇന്നോളം പരിഗണിക്കപ്പെട്ടുപോന്നിട്ടുള്ളത്.
രാജ്യദ്രോഹം, പ്രോട്ടോകോള്‍ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആര്‍ക്കും ആരെയും ഭയപ്പെടേണ്ടതില്ല. മടിയില്‍ കനമില്ലാത്തവന്, വഴിയില്‍ ആരെപ്പേടിക്കണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: