പോത്തന്‍കോട്: ”പാലത്തിനൊരു സംരക്ഷണം വേണം. അപകടങ്ങള്‍ പതിവാണ്. പഞ്ചായത്ത് അധികൃതരോട് ഇതൊക്കെ പറയാന്‍ തുടങ്ങിയിട്ട് ഏറെ നാളായി”. ഇതാണ് കോലിയക്കോട് കലുങ്കുനട പ്രദേശവാസികള്‍ അധികാരികളുടെ മുന്നില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന പരാതി. മാണിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കോലിയക്കോട് കലുങ്ക് -പ്ലാക്കീഴ് ഭാഗത്തേക്കുള്ള പ്രധാന റോഡിലെ കൊടുംവളവില്‍ പാലത്തിന്റെ സംരക്ഷണഭിത്തിക്കായി നാട്ടുകാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും വീഴ്ത്താന്‍ പഞ്ചായത്ത് അധികൃതര്‍ ഒരുക്കിയ കെണിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കോലിയക്കോട് കലുങ്ക് ജംഗ്ഷനു സമീപം തിട്ടയത്തുകോണം പ്ലാക്കീഴ് റോഡിലെ കൊടുംവളവിലാണ് അപകടഭീഷണി നേരിടുന്ന പാലം. പൊട്ടിപ്പൊളിഞ്ഞ് വീതി കുറഞ്ഞ റോഡിനെ പ്രധാന്‍മന്ത്രി സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനം നടത്തിയിരുന്നു. എന്നാല്‍ റോഡ് വികസനം നടന്നപ്പോള്‍ അധികൃതര്‍ പാലത്തിന്റെ വികസനം മറന്നു. പാലത്തിന്റെ ഇരുവശങ്ങളിലായി സംരക്ഷണഭിത്തി ഇല്ലാത്തത് അപകടത്തങ്ങള്ക്ക് പ്രധാന കാരണമായി. യാത്രക്കാരുടെ എണ്ണം കൂടിയതോടൊപ്പം പാലത്തിനോട് ചേര്‍ന്ന് ആഴത്തില്‍ തോടുള്ളതിനാല്‍ തോട്ടിലേക്ക് വീഴുന്ന വാഹനങ്ങളുടെ എണ്ണവും കൂടിയതായി നാട്ടുകാര്‍ പറയുന്നു.
അപകടങ്ങള്‍ നിത്യസംഭവമാകുന്ന ഈ പാലത്തിന് സമീപം രാത്രികാലങ്ങളില്‍ നാട്ടുകാര്‍ക്ക് ഇരുട്ടില്‍ തപ്പേണ്ട അവസ്ഥയാണ്. തെരുവുവിളക്കുകളുടെ അഭാവം മൂലം രാത്രിയില്‍ കാല്‍നടയാത്രക്കാരും തോട്ടില്‍ വീഴുന്നത് നിത്യസംഭവമാണ്. അപരിചിതരായ യാത്രക്കാരാണ് കൂടുതലായും അപകടങ്ങളില്പ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി പരാതികളുമായി സ്ഥലം വാര്‍ഡ് മെമ്പറെയും മാണിക്കല്‍ പഞ്ചായത്ത് അധികൃതരെയും സമീപിച്ചെങ്കിലും യാതൊരു നടപടികളും ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എസ്.ശരത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: