ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന ഹോട്ട്സ്പോട്ടുകളിലൊന്നായിരുന്ന ദല്‍ഹിയില്‍ വൈറസ് ബാധിതനായ ഒരാളില്‍ നിന്ന് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ളവരുടെ നിരക്ക് (ആര് വാല്യു) ഒന്നിന് താഴെ. മുംബൈയിലും ചെന്നൈയിലും നിലവില്‍ സമാനമാണ് ആര് വാല്യു. ആര് വാല്യു ഒന്നിന് താഴെ വന്നത് ശുഭ സൂചകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമാണ് ഒരിടത്തെങ്കിലും ആര് വാല്യു ഒന്നിന് താഴെയെത്തുന്നത്. രാജ്യത്തിത് 1.6 ആണ്.
നിലവിലെ സാഹചര്യത്തില്‍ ദല്‍ഹി നിയന്ത്രണവിധേയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 2000ത്തില്‍ താഴെ പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. സപ്തംബര്‍ ആദ്യ ആഴ്ചയോടെ ദല്‍ഹിയിലെ പ്രതിദിന ബാധിതര്‍ ആയിരത്തിന് താഴെയെത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ സ്ഥിതി അതല്ല. ഇവിടങ്ങളിലെ ദിനംപ്രതിയുള്ള വൈറസ് ബാധിതരുടെ എണ്ണം ഒരേ നിലയില്‍ തുടരുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍തോതിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ പുതിയ ബാധതരുള്ളത് ആന്ധ്രാപ്രദേശില്‍, 9,276. ഇവിടത്തെ ആര് വാല്യു 1.48 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: