നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഗര്‍ഭച്ഛിദ്രം നടത്തിയിട്ടും പോലിസില്‍ അറിയിക്കാതിരുന്ന ഡോക്ടമാര്‍ക്കെതിരേ കേസെടുക്കാത്തതിന് പോലിസിനെതിരേ നടപടി. ജില്ലാ ജഡ്ജ് കൂടിയായ കാസര്‍കോട് ജുവനൈല്‍ ജസ്റ്റിസ് ചെയര്‍മാന്‍ നീലേശ്വരം സിഐയ്‌ക്കു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജൂലൈ 19ന് പോലിസ് കേസെടുത്തത്. തുടര്‍ന്ന് പിതാവ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെയാണ്, പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മുമ്പ് ഗര്‍ഭച്ഛിദ്രം നടത്തിയതായി മൊഴി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടുദിവസം മുമ്പ് വീട്ടുപറമ്പില്‍ നിന്നു ഭ്രൂണാവശിഷ്ടങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തിരുന്നു. എന്നാല്‍, 16കാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തിയ വിവരം മറച്ചുവച്ച ഡോക്ടര്‍മാര്‍ക്കെതിരേ പോലിസ് കേസെടുക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജുവനൈല്‍ ജസ്റ്റിസ് ചെയര്‍മാനും ജില്ലാ ജഡ്ജുമായ എസ്.എച്ച് പഞ്ചാപകേശന്‍ നീലേശ്വരം സിഐയ്‌ക്കു കാരണം കാണിക്കല്‍ നോട്ടീസയച്ചത്.
പോക്‌സോ നിയമം 21(1) പ്രകാരം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായിട്ടും പോലിസില്‍ അറിയിക്കാതിരുന്ന ഡോക്ടര്‍മാരുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നോട്ടീസില്‍ പറയുന്നു. അതിനാല്‍ തന്നെ ഡോക്ടര്‍ക്കെതിരേ കേസെടുക്കാത്തത് ഗുരുതര കൃത്യവിലോപവും പോക്‌സോ നിയമപ്രകാരം കുറ്റകരവുമാണ്. ഇക്കാര്യത്തില്‍ മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
അതേസമയം, ഡോക്ടറെ ഒരു തവണ ചോദ്യം ചെയ്‌തെങ്കിലും കേസെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നായിരുന്നു പോലിസിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: