കൊച്ചി: നേതൃത്വവുമായി അടുപ്പമുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് മുഹമ്മദാലിയുടെ അറസ്റ്റോടെ സ്വര്‍ണക്കടത്തു കേസില്‍ ഭീകരബന്ധത്തിന്റെ കൂടുതല്‍ കണ്ണികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം സംഘടനയുടെ പ്രവര്‍ത്തനത്തിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിച്ചതിന്റെ ആഴങ്ങളിലേക്ക് ഇനി അന്വേഷണം നീങ്ങും.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും പ്രവര്‍ത്തക ശൃംഖലയുണ്ട്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഈ സംഘടനയുള്‍പ്പെട്ട ഭീകരതീവ്രവാദ വിഭാഗങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി 120 കോടിയിലേറെ രൂപ രാജ്യത്ത് ചെലവഴിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിന് ദല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. മലയാളിയായ നേതാവ് ഉള്‍പ്പെടെ ഇതില്‍ അറസ്റ്റിലാണ്. സ്വര്‍ണക്കടത്ത് കേസിന് സിഎഎ സമരവുമായുള്ള ബന്ധവും എന്‍ഐഎയും ഇഡിയും അന്വേഷിക്കുന്നുണ്ട്.
പത്ത് വര്‍ഷം മുന്‍പ്, 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈപ്പത്തി, പ്രവാചക നിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിമാറ്റിയത്. ആക്രമണത്തിന് വലിയ രീതിയില്‍ പണം സ്വരൂപിച്ചതായി കേസ് അന്വേഷിച്ച എന്‍ഐഎ അന്ന് കണ്ടെത്തിയിരുന്നു. കേസില്‍ 24-ാം പ്രതി മുഹമ്മദാലി ഇബ്രാഹിമിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടെങ്കിലും 13 പോപ്പുലര്‍ ഫ്രണ്ടുകാരെ ശിക്ഷിച്ചു. സ്വര്‍ണക്കടത്ത് കേസിന് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നത് ഭീകരവാദമാണെന്നായിരുന്നു അന്വേഷണ ഏജന്‍സി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇപ്പോള്‍ ആദ്യമായാണ് സംഘടനാ ബന്ധം പുറത്തുവരുന്നത്. ഭീകരബന്ധം വ്യക്തമാക്കണമെന്നും കേസ് ഡയറി ഹാജരാക്കണമെന്നും കഴിഞ്ഞ ദിവസം കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടിരുന്നു.
ഐഎസ് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ആരോപണം നേരിടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. നേതാക്കളുടെ നിരന്തരമുള്ള വിദേശ സന്ദര്‍ശനങ്ങള്‍ നേരത്തെ തന്നെ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ലൗ ജിഹാദില്‍ ഹിന്ദു, ക്രിസ്ത്യന്‍ സംഘടനകള്‍ ഇവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്. അഖില കേസില്‍ പണമൊഴുക്കിയതും തങ്ങള്‍ക്കനുകൂലമായ ബൗദ്ധിക പരിസരം സൃഷ്ടിക്കുന്നതിനുമായി ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും രംഗത്തിറക്കുന്നതും സംഘടനയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്‍ഐഎ അന്വേഷണത്തിലുള്ള കേരളത്തിലെ ലൗ ജിഹാദ് കേസുകള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: