നെടുങ്കണ്ടം: പനിബാധിച്ച് മരിച്ച തൂക്കുപാലം വട്ടുപാറ സ്വദേശിനിക്ക് കൊറോണ സ്ഥിതീകരിച്ചതോടെ നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളില്‍ ആശങ്ക. സമ്പര്‍ക്ക പട്ടികയില്‍ ഇരുനൂറിലേറെ പേര്. വയോധിക ചികിത്സ തേടിയ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രി ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് അടപ്പിച്ചു. വയോധികയെ ആശുപത്രിയില്‍ എത്തിച്ച ബന്ധുക്കള്‍ രണ്ട തവണ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് രണ്ട് പോലീസുകാരെയും നിരീക്ഷണത്തിലാക്കി.
ജൂലൈ 25നാണ് പനിയും ശ്വാസംമുട്ടലും വഷളായതിനെ തുടര്‍ന്ന് വട്ടുപാറ കളത്തില്‍ വീട്ടില്‍ ഏലികുട്ടി ദേവസ്യ (58) തൂക്കുപാലം അര്‍പ്പണ ആശുപത്രിയില്‍ ചികിത്സ തേടിയത്. അസുഖം കുറയാത്തതിനെ തുടര്‍ന്ന് 26നും 27നും ആശുപത്രിയില്‍ എത്തിയിരുന്നു.
എന്നാല്‍ 25ന് മറ്റൊരു കോവിഡ് രോഗിയും ചികിത്സതേടി അര്‍പ്പണ ആശുപത്രിയില്‍ എത്തിയിരുന്നു. ഇതോടെ ആശുപത്രി ഉടമയായ ഡോക്ടറോടും രണ്ട നേഴ്സമാരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരീക്ഷണത്തില്‍ ഇരുന്ന ഡോക്ടര്‍ 26ന് ഏലിക്കുട്ടിയെ പരിശോധിച്ചതായാണ് വിവരം. കൂടാതെ 30ന് വയോധിക കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വീണ്ടും ഇതേ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കൊറോണ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ആശുപത്രിക്കും, ഡോക്ടര്‍ക്കും വീഴ്ച്ച സംഭവിച്ചതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
മരിച്ച വയോധികയ്ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് സ്രവ പരിശോധനയ്ക്കായി നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് മാറ്റാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്. എന്നാല്‍ തുടക്കത്തില്‍ ബന്ധുക്കള്‍ ഇതിന് തയാറായിരുന്നില്ല. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചത്. തുടര്‍ന്ന് മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. താലൂക്കാശുപത്രിയില്‍ നിന്ന് ഇന്റിമേഷന്‍ നല്കിയതിനാല് മൊഴി നല്‍കാനായി വയോധികയുടെ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. വയോധികയുടെ ആദ്യ സ്രവ പരിശോധനാ ഫലം സാങ്കേതിക പ്രശ്നം മൂലം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് രണ്ടാമത് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.
ഇതിനിടെ മരിച്ച വയോധികയുടെ മകന് പനി ബാധിച്ച് കഴിഞ്ഞ ദിവസം നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എത്തിയിരുന്നു. ഇയാളോട് സ്രവ പരിശോധനയ്ക്കായി കരുണാ കൊറോണ സെന്ററിലേക്ക് എത്തണമെന്ന് അറിയിച്ചെങ്കിലും പരിശോധന നടത്താതെ ഇയാള്‍ മുങ്ങുകയായിരുന്നുവെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു. സ്രവ പരിശോധനാ ഫലം ലഭിക്കുന്നതിന് മുമ്പ് തന്നെ സംസ്കാരം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. ഇതിനെ ചൊല്ലി വയോധികയുടെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ക്കരുമായി വാക്കേറ്റം ഉണ്ടായിരുന്നു. ഞായറാഴ്ച്ച സംസ്കാരം നടത്തുന്നതിന് ആവശ്യമായ സന്നാഹങ്ങളും ബന്ധുക്കള്‍ ഒരുക്കിയിരുന്നു. ഇതേ തുടര്‍ന്ന് മരണ വീട്ടില്‍ നിരവധി പ്രദേശ വാസികളും എത്തിയിരുന്നു. കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഇവരെല്ലാം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടും.
വയോധികയെ ആശുപത്രിയില്‍ എത്തിച്ച ബന്ധുക്കളും, ഓട്ടോറിക്ഷാ ഡ്രൈവറും, തൂക്കുപാലം അര്‍പ്പണ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: