കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ ഭീകര ബന്ധത്തിന് തെളിവുമായി എന്‍ഐഎ. മത നിന്ദയാരോപിച്ച് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന് പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെ അന്വേഷണ ഏജന്‍സി എന്‍ഐഎ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുഹമ്മദ് അലി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്.
കസ്റ്റഡിയിലുള്ള കെ.ടി. റമീസിനെ ചോദ്യം ചെയ്തപ്പോഴാണ് മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരുടെ പങ്ക് തെളിഞ്ഞത്. ഇരുവരേയും ഉള്‍പ്പെടെ കഴിഞ്ഞയാഴ്ച എന്‍ഐഎ ആറിടങ്ങളില്‍ റെയ്ഡ് നടത്തി ആറു പേരെ അറസ്റ്റ് ചെയ്തു.
കൈവെട്ട് കേസിലെ 24-ാം പ്രതിയായിരുന്നു മുഹമ്മദ് അലി. മുഖ്യപ്രതിയും ആസൂത്രകനുമായ റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി മറ്റുള്ളവര്‍ക്ക് വിതരണം ചെയ്തത് ഇവരാണെന്ന് എന്‍ഐഎ പത്രക്കുറിപ്പില്‍ അറിയിച്ചു. റമീസ് നേരത്തെ അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലുകളിലാണ് റമീസ് ഇവര്‍ക്ക് സ്വര്‍ണം കൈമാറിയത്. പ്രതികള്‍ക്ക് ഗൂഢാലോചനയിലും പങ്കുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പത്തു പേരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ അറിയിച്ചു. രണ്ട് ഹാര്ഡ്ഡിസ്ക്, എട്ട് മൊബൈല്‍ ഫോണ്‍, ആറ് സിം കാര്‍ഡ്, ഒരു വീഡിയോ റെക്കോര്‍ഡര്‍, അഞ്ച് ഡിവിഡികള്‍, ബാങ്ക് രേഖകള്‍ എന്നിവ പിടിച്ചെടുത്തു.
അന്വേഷണ പുരോഗതി നാളെ എന്‍ഐഎ കോടതിയില്‍ അറിയിക്കും. കേസില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ വകുപ്പുകള്‍ ചുമത്താനുള്ള തെളിവുകള്‍ വെവ്വേറേ നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 30 ന് മൂവാറ്റുപുഴയില്‍നിന്ന് ജലാല്‍. എ.എം, മലപ്പുറം വേങ്ങരയില്‍നിന്ന് സെയ്തലവി.ഇ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 31 ന് മലപ്പുറം ഐക്കരപ്പടിയില്‍നിന്ന് മുഹമ്മദ് ഷാഫി.പി,കോട്ടയ്ക്കലില്‍നിന്ന് അബു. പി.ടി എന്നിവരേയും അറസ്റ്റ് ചെയ്തു. ഇന്നലെ ആറിടങ്ങളിലാണ് അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. എറണാകുളം ജില്ലയില്‍ ജലാല്‍. എ. എം, റാബിന്‍സ് ഹമീദ് എന്നിവരുടെയും മലപ്പുറത്ത് കെ.ടി. റമീസ്, മുഹമ്മദ് ഷാഫി, അബു.പി.ടി, സെയ്തലവി എന്നിവരുടെയും വീടുകളിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: