ചേര്‍ത്തല: പ്രൈമറി ക്ലാസിന്റെ വാട്സ്ആപ് ഗ്രൂപ്പില്‍ ഇടതുപക്ഷ നേതാവായ പ്രധാന അദ്ധ്യാപകന്റെ അശ്ലീല വീഡിയോ. സംഭവം വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരാന്‍ അദ്ധ്യാപകന്റെ ശ്രമം. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തിലെ എല്‍പി സ്കൂളിലാണ് സംഭവം നടന്നത്. ഹെഡ്മാസ്റ്റര് ആയതിനാല്‍ സ്കൂളിലെ എല്ലാം വാട്സ് ആപ് ഗ്രൂപ്പുകളിലും ഇദ്ദേഹം അഡ്മിനാണ്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പെടുന്ന നാലാം ക്ലാസിന്റെ ഗ്രൂപ്പിലാണ് പ്രധാന അദ്ധ്യാപകന്റെ മൊബൈലില്‍ നിന്ന് അശ്ലീല വീഡിയോ എത്തിയത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വീഡിയോ കാണുകയും ചെയ്തു.
രക്ഷിതാക്കള്‍ അദ്ധ്യാപകരെ വിളിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് പ്രധാനഅദ്ധ്യാപകന്‍ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇദ്ദേഹം ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ആകുകയും ചെയ്തു. ക്ലാസ് അദ്ധ്യാപിക പ്രധാന അദ്ധ്യാപകന് പിന്തുണയായെത്തുകയും രക്ഷിതാക്കളോട് വീഡിയോ മൊബൈലില്‍ നിന്ന് കളയണമെന്നും മാപ്പ് പറയുന്നുവെന്നും ഗ്രൂപ്പിലേക്ക് ശബ്ദസന്ദേശം അയച്ചു. പിന്നാലെ മാപ്പപേക്ഷയുമായി അദ്ധ്യാപകനും എത്തി. കുഞ്ഞുകുട്ടികളങ്ങുന്ന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ എത്തിയതിനെതിരെ രക്ഷിതാക്കളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്.
കടുത്ത ഇടതുപക്ഷ പ്രവര്‍ത്തകനായ അദ്ധ്യാപകന് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ട്. നഗരമധ്യത്തിലെ സ്കൂളില്‍ ജോലി ചെയ്തിരുന്ന സമയത്ത് സ്കൂള്‍ വികസനത്തിനായി വിളിച്ച് ചേര്‍ത്ത പൊതുയോഗത്തില്‍ എംഎല്‍എയെ അധിക്ഷേപിച്ചതിന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഇദ്ദേഹത്തിനെതിരെ പരാതി അയക്കുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ സ്കൂളില്‍ തിരിച്ചെത്തി. അദ്ധ്യാപകനെതിരെ പോലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കണമെന്ന ആവശ്യവുമായി രക്ഷിതാക്കളില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: