പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ബുധനാഴ്ച 12.30നും 12.40നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ അയോധ്യയിലെ ശ്രീരാമ ക്ഷേത്ര ശിലാസ്ഥാപനം നിര്‍വഹിക്കുന്നു. ഇതോടെ കോടിക്കണക്കിന് ഭക്തരുടെ സ്ഥിരോത്സാഹവും തപസ്സും ഉചിതമായ പര്യവസാനത്തിലെത്തിച്ചേരും. അയോധ്യ ജന്മഭൂമിയില്‍ ഭഗവാന്‍ ശ്രീരാമന്റെ മഹാക്ഷേത്രം ഉയരുന്നതിന് സാക്ഷ്യം വഹിക്കാന്‍ കാലങ്ങളായി കാത്തിരുന്ന ഭക്തവൃന്ദത്തിന് അഭിമാന നിമിഷം കൂടിയാണിത്.
ക്ഷമ എന്നും ഫലപ്രദമായിരിക്കും! അഞ്ച് നൂറ്റാണ്ടുകളുടെ സാമൂഹികവും നിയമപരവുമായ സങ്കീര്‍ണ്ണതകള്‍ക്കൊടുവില്‍ അസംഖ്യം മനുഷ്യരുടെ വിശ്വാസങ്ങള്‍ മതപരമായ ഈ ചടങ്ങോടെ ഫലം കാണുകയാണ്. ആ പുണ്യ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്ന കോടിക്കണക്കിന് സനാതന ഹിന്ദുക്കള്‍ക്ക് ആനന്ദ, ആഹ്ലാദ, ആത്മീയ നിര്‍വ്രതി ലഭിക്കും. ഈ മഹദ് സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ ഇന്ന് നമ്മോടൊപ്പമില്ലാത്ത ഭക്തരുടെ ത്യാഗത്തെ അനുസ്മരിക്കുന്നു. അവര്‍ ശ്രീരാമപാദം പുല്‍കുമെന്നത് തീര്‍ച്ച.
നാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ ഭൂമി പൂജ വേളയില്‍, അന്തരിച്ച ദാദാഗുരുഗോരക്ഷാപീഠീശ്വര്‍ മഹന്ത് ദിഗ്‌വിജയാനാഥ് ജി, ഗോരക്ഷാപീഠീശ്വര്‍ മഹന്ത് ശ്രീ അവൈദ്യനാഥ് ജി എന്നിവരുടെ ഓര്‍മകള്‍ എന്നെ വികാരാധീനനാക്കുന്നു. ഈ ചരിത്രസംഭവത്തിന്റെ ആനന്ദം പങ്കുവയ്‌ക്കാന്‍ അവര്‍ നമ്മോടൊപ്പമില്ല. എന്നാല്‍, അവരുടെ ആത്മാക്കള്‍ അങ്ങേയറ്റം സംതൃപ്തമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രാധാന്യവും ആവശ്യകതയും 1934നും 1949നും ഇടയില്‍ ആദ്യമായി വിശദീകരിച്ചതും മഹന്ത് ദിഗ് വിജയനാഥ് ജി മഹാരാജ് ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 1949 ഡിസംബര്‍ 22ന് രാത്രി വിവാദ കെട്ടിടത്തിനുള്ളില്‍ രാംലാല പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടെ മഹന്ത് ദിഗ്‌വിജയാനാഥ് ജി മഹാരാജ് ചില പുണ്യവാന്‍മാര്‍ക്കൊപ്പം ഭജനയിലായിരുന്നു. 1969 സപ്തംബര്‍ 28ന് അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം മഹന്ത് അവൈദ്യനാഥ് ജി, ഗുരുനാഥന്റെ പ്രതിജ്ഞയെ തന്റേതായി സ്വീകരിച്ച് അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പ്രസ്ഥാനത്തിന് രൂപം നല്‍കി. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ സാസ്‌കാരിക പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന അയോധ്യ പ്രസ്ഥാനം, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മാര്‍ഗനിര്‍ദേശത്തിലും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലും ഇന്ത്യക്കാര്‍ക്കിടയില്‍ വീണ്ടും വിശ്വാസത്തിന്റെ അഗ്‌നിനാളം ജ്വലിപ്പിച്ചു. 1984 ജൂലൈ 21ന് ശ്രീരാമ ജന്മഭൂമി യജ്ഞ സമിതിയുടെ ആദ്യ പ്രസിഡന്റിനായി മഹന്ത് വൈദ്യനാഥ് ജി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.
ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് പ്രതീകാത്മകമായി ഭൂമി കുഴിക്കുന്നതിന് മഹന്ത് അവൈദ്യനാഥ് ജിയും ഏറെ ബഹുമാനിക്കപ്പെടുന്ന രാംചന്ദ്ര ജി മഹാരാജും ആദ്യമായി മണ്‍വെട്ടി ഭൂമിയില്‍ പതിപ്പിച്ചതും ചരിത്രനിമിഷമായി. ബഹുമാന്യ വിഎച്ച്പി നേതാവ് അശോക് സിങ്കാള്‍ ജിയുടെയും സംന്യാസിമാരുടെയും പരിശ്രമത്തിന്റെ ഫലമായി കാമേശ്വര്‍ ചൗപാല്‍ ജി ആദ്യ ശില സ്ഥാപിച്ചു. സൗഭാഗ്യവശാല്‍ കാമേശ്വര്‍ ജി ഇന്ന് ശ്രീരാമജന്മഭൂമി തീര്‍ഥ് ക്ഷേത്രന്യാസ് ട്രസ്റ്റ് അംഗമാണ്. ശ്രീരാമ ഭഗവാന്റെ ജന്മഭൂമിയെ മോചിപ്പിക്കുന്നതിനുള്ള അയോധ്യ പ്രസ്ഥാനത്തിന്റെ കാലങ്ങളായുള്ള പോരാട്ടം സത്യത്തിനും നീതിക്കും അന്തിമ വിജയം സമ്മാനിച്ചും വരും തലമുറയ്‌ക്ക് പ്രചോദനമായും ഏറ്റവും ശുഭകരമായി പര്യവസാനിച്ചിരിക്കുന്നു.
ഭൂതകാലത്തെ കയ്‌പ്പേറിയ അനുഭവങ്ങള്‍ മറന്ന് സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും വികസനത്തിന്റെയും പുതിയ ഗാഥ നമുക്ക് രചിക്കാം. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ നഗരത്തിന്റെ ഭൂതകാല പ്രതാപം പുനസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. രാഷ്‌ട്രീയ നിസ്സംഗത മൂലം ഏറെ കാലം അയോധ്യ അവഗണിക്കപ്പെട്ടു. എന്നാല്‍ ഇന്ന് വികസനപ്രവര്‍ത്തനങ്ങളുടെയും നൂതന സംവിധാനങ്ങളുടെയും പേരില്‍ അയോധ്യയെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്താനും ആധുനിക സംസ്‌കാരത്തിന്റെ പ്രതീകമായി മാറ്റാനുമുള്ള മികച്ച പദ്ധതിക്കു വേണ്ടിയാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ അതിമനോഹരമായ ദീപാവലികള്‍ അയോധ്യ ലോകത്തിന് കാട്ടിക്കൊടുത്തു, മതത്തിന്റെയും വികസനത്തിന്റെയും സംയോജനമായി അയോധ്യയെ കാണേണ്ട സമയമാണിത്.
ബൂധനാഴ്ച നടക്കുന്ന പരിപാടിയില്‍ വലിയൊരു വിഭാഗം ഭക്തര്‍ക്ക് പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍, ആഗോള മഹാമാരി മൂലം അതു സാധ്യമല്ല. ഇത് ഈശ്വരേച്ഛയായി കണ്ട് വസ്തുത അംഗീകരിക്കാന്‍ നാം തയാറാകണം. രാജ്യത്തെ 125 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതിനിധിയായ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ശ്രീരാമ ക്ഷേത്രത്തിന് തറക്കല്ലിടുന്നത് ഏവര്‍ക്കും അഭിമാനനിമിഷമാകും. അഞ്ചു നൂറ്റാണ്ടായി പല തലമുറകള്‍ കാത്തിരുന്ന ഈ പുണ്യ മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ ഒരോ ഇന്ത്യക്കാരനും സാധിച്ചതും അദ്ദേഹം കാരണമാണ്. ഇത് ഒരു ക്ഷേത്രത്തിന്റെ ആരംഭം മാത്രമല്ല, ഈ മഹാരാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു നവയുഗാരംഭം കൂടിയാണ്, നമ്മുടെ രാജ്യത്തെ പരിവര്‍ത്തനം ചെയ്യാനുള്ള വ്യക്തമായ ആഹ്വാനമാണ്. ശ്രീരാമന്റെ ജീവിതം നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ള അവസരമായി ഞാനിതിനെ കാണുന്നു. ക്ഷമയെയും സ്ഥിരോത്സാഹത്തെയും കുറിച്ച് ഞങ്ങളെ പഠിപ്പിക്കുന്നു.
നാളെയും മറ്റന്നാളുമായി എല്ലാ ഭക്തരും അവരവരുടെ വീടുകളില്‍ വിളക്ക് കൊളുത്താന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബഹുമാന്യരായ സംന്യാസിമാരും ധര്‍മാചാര്യന്മാരും വിളക്കുകള്‍ കത്തിച്ച് ക്ഷേത്രങ്ങളില്‍ അഖണ്ഡ രാമായണ പാരായണം സംഘടിപ്പിക്കണം. ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ജീവിതകാലം മുഴുവന്‍ ആഗ്രഹിച്ച സ്വര്‍ഗവാസികളായ നമ്മുടെ പൂര്‍വികര്‍ക്ക് നാം നന്ദി പറയണം. രാജ്യത്തിന്റെ അഭിവൃത്തിക്കും അനുഗ്രഹത്തിനും നമുക്ക് ശ്രീരാമ ഭഗവാനോട് പ്രാര്‍ഥിക്കാം. ജയ് ശ്രീരാം.
യോഗി ആദിത്യനാഥ്
(യുപി മുഖ്യമന്ത്രി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: