ഏവര്‍ക്കും സഹോദര തുല്യനായിരുന്നു മേനോന്‍സാര്‍. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിത്വം. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും കേരളത്തിലെ മുതിര്‍ന്ന പ്രചാരകനുമായ ആര്. ഹരി (ഹരിയേട്ടന്) യുടെ വാക്കുകള്‍ മതി ഗോവിന്ദമേനോനെ മനസിലാക്കാന്‍. ‘മറ്റുള്ളവരോട് ഹൃദയ നൈര്‍മല്യവും മനസ്സലിവും കാണിച്ചിരുന്ന അജാതശത്രുവായിരുന്നു മേനോന്‍സാര്‍’. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യ പ്രാന്ത സംഘചാലകായിരുന്ന അഡ്വ. എന്‍. ഗോവിന്ദമേനോന് ഇന്ന് 121-ാം ജന്മദിനം. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അധ്യക്ഷനെന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹം കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ ജനിച്ച് വിദ്യാഭ്യാസത്തിനുശേഷം അഭിഭാഷകനായി കോട്ടയം നഗരത്തെ തന്റെ പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റി.
പ്രവര്‍ത്തന വികാസവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ സര്‍സംഘചാലക് ഗുരുജിയുമായി പരിചയത്തിലായതോടെയാണ് മേനോന് സാറിന്റെ സംഘബന്ധം ദൃഢമായത്. ഗുരുജി പലപ്പോഴും മേനോന്‍സാറിന്റെ വീട്ടിലെ അതിഥിയുമായിരുന്നു. 1950 കളില്‍ കോട്ടയത്തെ സംഘചാലകായി അദ്ദേഹം നിയുക്തനായി.
1947 മുതല്‍ 1952 വരെ എന്‍എസ്എസിന്റെ അധ്യക്ഷനായിരുന്നു. കോട്ടയം കളക്ട്രേറ്റിന് സമീപം താമസിച്ചിരുന്ന അദ്ദേഹം വീടായ തുളസി ഭവനം എല്ലാവര്ക്കും എല്ലായ്പ്പോഴും തുറന്നിട്ടിരുന്നു. വീട്ടിലെത്തുന്ന അതിഥി ആരായാലും കൂടെയിരുത്തി ഭക്ഷണം കഴിപ്പിക്കുകയെന്നതായിരുന്നു മേനോന്‍സാറിന്റെ ശീലം. ഇക്കാര്യത്തില്‍ സംഘ സ്ഥാപകനായ പൂജനീയ ഡോക്ടര്ജിയോടാണ് മേനോന് സാറിനെ പലരും തുലനപ്പെടുത്തുന്നത്.
1961-62 കാലഘട്ടത്തില്‍ പാലക്കാട് നടന്ന സംഘ ശിക്ഷാവര്‍ഗില്‍ (ഛഠഇ) സര്‍വാധികാരിയായിരുന്ന മേനോന്‍സാര്‍ 1964 മേയില്‍ കോയമ്പത്തൂരില്‍ നടന്ന സംഘശിക്ഷാവര്‍ഗിലാണ് കേരളത്തിന്റെ ആദ്യ പ്രാന്തസംഘചാലകായി പൂജനീയ ഗുരുജിയാല്‍ നിയോഗിക്കപ്പെട്ടത്. രാഷ്ട്രീയ എതിരാളികള്‍ പോലും മേനോന് സാറിന് അതിരറ്റ ആദരവാണ് നല്‍കിയത്. മുന്‍ മുഖ്യമന്ത്രി സി. അച്യുത മേനോന് രാഷ്ട്രീയ എതിര്‍പ്പുകള്‍ക്കപ്പുറം മേനോന് സാറിനെ ആദരിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന് അടിയന്തരാവസ്ഥക്കാലത്ത് മേനോന്‍സാറിനെ അറസ്റ്റു ചെയ്യാന്‍ വ്യഗ്രത കാട്ടിയെങ്കിലും അച്യുതമേനോന് അതിനെ എതിര്‍ത്തിരുന്നു. തൃശൂര്‍ പൂരപ്പറമ്പില്‍ ശാഖ നടത്തുന്നതിനെ തടയാനെത്തിയ പോലീസ് നടപടി ശ്രദ്ധയില്‍പ്പെടുത്തി കരുണാകരന്റെ അടുത്തെത്തിയ മേനോന്‍സാര്‍ പൂരപ്പറമ്പ് കരുണാകരന്റെ വ്യക്തിഗത ഉടമസ്ഥതയിലുള്ളതല്ല എന്ന് തുറന്നടിക്കാനും മടികാണിച്ചില്ല. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും സംഘത്തോടൊപ്പം നിന്ന മേനോന്‍സാര്‍ ആദ്യകാല പ്രവര്‍ത്തകര്‍ക്ക് പ്രേരണാ സ്രോതസ്സായിരുന്നു. പാലാ കടപ്പാട്ടൂരില്‍ പ്രശസ്തമായി നിലകൊള്ളുന്ന മഹാദേവര്‍ക്ഷേത്രം ഈ നിലയിലെത്തുന്നതിന് മേനോന്‍സാറും കാരണക്കാരനായി. ചെറുതും വലുതുമായ നിരവധി സംഘടനകള്‍, ക്ഷേത്രങ്ങള്‍, ബാര്‍ അസോസിയേഷന് എന്നിവയ്ക്കു സാരഥ്യം വഹിച്ച അദ്ദേഹം നഗരസഭാംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു.
1977 ജൂണ്‍ രണ്ടിന് ദിവംഗതനായ അദ്ദേഹത്തെപ്പറ്റി മുതിര്‍ന്ന സംഘപ്രവര്‍ത്തകനും ജന്മഭൂമി മുന്‍ എഡിറ്ററുമായ പി. നാരായണ്‍ജി ഇങ്ങനെ പറയുന്നു. ‘നമ്മെ വിസ്മയിപ്പിക്കുന്ന മേധാശക്തിയും തന്റേടവും കര്‍മ്മധീരതയും പ്രകടിപ്പിച്ച വ്യക്തിത്വമാണ് മേനോന് സാറിന്റേത്. എന്തുചെയ്യുമ്പോഴും അത് സമഗ്ര ഹൈന്ദവ താല്പര്യത്തിന് എങ്ങനെ ഗുണകരമാകുമെന്ന് ചിന്തിച്ചിരുന്നു. അസാമാന്യ ധീരത പ്രകടിപ്പിച്ച അദ്ദേഹം ഒരു പ്രലോഭനത്തിലും കുടുങ്ങിയില്ല. നവനീതവും വിശാലവുമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്’.
അഖില്‍ കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: