സതാംപ്റ്റണ്: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിങ് ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിച്ചു. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ക്ക്് 2-0 ന്റെ ലീഡായി.
213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 32.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചു കയറി. ബെയര്‍സ്റ്റോ 41 പന്തില്‍ 82 റണ്‍സെടുത്തു. പതിനാല് ഫോറും രണ്ട് സിക്സറും ആ ഇന്നിങ്സിലുണ്ട്. ഈ മികവിന് കളിയിലെ കേമനുള്ള പുരസ്കാരവും ബെയര്‍സ്റ്റോയ്ക്ക് ലഭിച്ചു.
സാം ബില്ലിങ് 61 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. വില്ലി 46 പന്തില്‍ 47 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ബാറ്റിങ് തെരഞ്ഞെടുത്ത അയര്‍ലന്‍ഡിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 212 റണ്‍സേ നേടാനായുള്ളൂ. കാംഫറിന്റെ അര്‍ധ സെഞ്ചുറിയാണ് അയര്‍ലന്‍ഡിന്റെ സ്കോര്‍ ഇരുനൂറ് കടത്തിയത്. 87 പന്തില്‍ 68 റണ്‍സ് കുറിച്ചു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് പത്ത് ഓവറില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. വില്ലി, മെഹ്മൂദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഐസിസി ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായി നടത്തുന്ന ഈ പരമ്പരയില്‍ രണ്ട് വിജയം നേടിയ ഇംഗ്ലണ്ടിന് ഇരുപത് പോയിന്റായി. അവസാന മത്സരം നാളെ. 2023ലെ ലോകകപ്പിന്റെ യോഗ്യതാ മത്സരമാണ് സൂപ്പര്‍ ലീഗ്. ഈ ലീഗില്‍ ആദ്യ ഏഴു സ്ഥാനം നേടുന്ന ടീമുകള്‍ക്ക് ലോകകപ്പില്‍ മത്സരിക്കാന്‍ നേരിട്ട് യോഗ്യത ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: