ലണ്ടന്‍: ക്യാപ്റ്റന്‍ പിയറി എമെറിക് ഔബാമേയാങ്ങിന്റെ ഇരട്ട ഗോളില്‍ ആഴ്സണലിന് എഫ്എ കപ്പ്. ഫൈനലില്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയ പീരങ്കിപ്പട ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തി. ആഴ്സണലിന്റെ പതിനാലാം എഫ്എ കപ്പ് കിരീടമാണിത്. റെക്കോഡാണിത്.
കളിയുടെ തുടക്കത്തില്‍ തന്നെ ആഴ്സണലിനെ ഞെട്ടിച്ച് ചെല്‍സി ലീഡ് എടുത്തു. അഞ്ചാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് ഗോള്‍ നേടിയത്. അപ്രതീക്ഷിതമായി ഗോള്‍ വീണതോടെ പകച്ചുപോയ പീരങ്കിപ്പട പതുക്കെ കളിയുടെ മേധാവിത്വം ഏറ്റെടുത്തു. ഇരുപത്തിയെട്ടാം മിനിറ്റില്‍ ചെല്‍സിയുടെ സീസര്‍ ഔബാമേയാങ്ങിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മുതലാക്കി ഔബാമേയാങ് ആഴ്സണലിനെ ചെല്‍സിക്കൊപ്പം എത്തിച്ചു (1-1). അറുപത്തിയേഴാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ ആഴ്സണലിന് വിജയമൊരുക്കി. മത്സരത്തിനിടെ കളിക്കാര്‍ക്ക് പരിക്കേറ്റത് ചെല്‍സിക്ക് തിരിച്ചടിയായി. തൊണ്ണൂറ് മിനിറ്റില്‍ ചെല്‍സിയുടെ മൂന്ന കളിക്കാരാണ് പരിക്കേറ്റ് മടങ്ങിയത്.
ആഴ്സണലും ചെല്‍സിയും ഇത് മൂന്നാം തവണയാണ് എഫ്എ കപ്പിന്റെ ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. മൂന്ന് തവണയും ആഴ്സണല്‍ കിരീടം നേടി. 2002, 2017 വര്‍ഷങ്ങളിലാണ് ഇവര്‍ നേരത്തെ ഫൈനലില്‍ ഏറ്റുമുട്ടിയത്. എഫ്എ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയ ടീമാണ് ആഴ്സണല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനാണ് രണ്ടാം സ്ഥാനം. അവര്‍ 12 തവണ കിരീടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: