ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിക്ക് രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ അതെല്ലാം തൃണവല്‍ഗണിച്ച് വിടുവായത്തം തുടരുകയാണ്. വിദേശകാര്യ വകുപ്പിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഒരു വിദേശ രാജ്യത്തിന്റെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിക്ക് ഇടപാടുകള്‍ നടത്താന്‍ അധികാരമില്ല. റംസാന് കിറ്റും അതോടൊപ്പം ഖുറാനും സ്വീകരിച്ച് തന്റെ മണ്ഡലത്തിലെ ചില കേന്ദ്രങ്ങളില്‍ വിതരണം ചെയ്തത് വിവാദമായപ്പോള്‍ മതഗ്രന്ഥത്തെ കവചമാക്കുകയാണ് മന്ത്രി ചെയ്യുന്നത്. ഖുറാന് വിതരണം ചെയ്ത തെറ്റിന് നരേന്ദ്രമോദി വധശിക്ഷ തന്നാല്‍ അപ്പീല്‍ പോലും നല്‍കാതെ ആയിരം വട്ടം സ്വീകരിക്കുമെന്നാണ് ജലീല്‍ പറയുന്നത്. ഇത് പ്രധാനമന്ത്രിയെപ്പോലും പരിഹസിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിനെ കളിയാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പലര്‍ക്കുമെതിരെ കേസെടുത്ത സംസ്ഥാനമാണിത്. ജലീല്‍ ഇപ്പോള്‍ വെറുമൊരു പൗരനല്ല. മന്ത്രിയാണ്. മതഭ്രാന്ത് തലയില്‍ കയറി സ്ഥാനംപോലും മറന്നാണ് ജലീല്‍ പെരുമാറുന്നത്. സ്വപ്നയെ എത്രതവണ വിളിച്ചെന്നോ സല്‍ക്കരിച്ചെന്നോ പൊതുജനത്തിനറിയണ്ട. രാജ്യതാല്പര്യത്തിന് വിരുദ്ധമായി പെരുമാറിയില്ലെ എന്ന സംശയം ദൂരീകരിക്കുകതന്നെ വേണം. സംസ്ഥാനം ആ നിലക്ക് ചിന്തിക്കുന്നില്ലെങ്കില്‍ കേന്ദ്രം ഇടപെടണം.
വിശുദ്ധ ഖുര്‍ആന്റെ അച്ചടിച്ചകോപ്പി ലോകം മുഴുവന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. എഡി 645ല്‍ ഇസ്ലാമിന്റെ മൂന്നാം ഖലീഫയായ ഉസ്മാനുബ്നു അഫാന്റെ കാലത്ത് തന്നെ ഖുര്‍ആന്റെ പല കയ്യെഴുത്ത് പതിപ്പുകള്‍ തയാറാക്കുകയും അത് മുസ്ലിം കേന്ദ്രങ്ങളിലെല്ലാം എത്തിക്കുകയും ചെയ്തെന്നാണ് ചരിത്രം. ഇന്ത്യയിലും ഈ പറഞ്ഞ കോപ്പി എത്തിയിട്ടുണ്ടാകും. കാരണം ഇന്ത്യ എല്ലാ കാലത്തും പു
തിയ ആശയങ്ങളെയും തത്വ സംഹിതകളെയും സ്വീകരിച്ച നാടായിരുന്നല്ലോ. അച്ചടിച്ച ഖുര്‍ആന്‍ നിലവില്‍ വന്നത് വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി അച്ചടിയന്ത്രം കണ്ടു പിടിക്കുകയും പേപ്പര്‍ നിര്‍മാണം വ്യാപകമാവുകയും ചെയ്തതോടെയാണ്. ഖുര്‍ആന്‍ കോപ്പി ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് ആരും തടസം നിന്നിട്ടില്ല. വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ചതിനെ മന്ത്രി കെ.ടി. ജലീല്‍ തന്റെ പൊറുക്കാന്‍ പറ്റാത്ത തെറ്റുകള്‍ക്ക് നാണമില്ലാതെ മറയാക്കുകയാണ്. സ്വന്തം വക്രതക്കും അരുതായ്മകള്‍ക്കും തടയിടാന്‍ ഈ വിധത്തില്‍ മത ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്ന മനുഷ്യരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ഖുര്‍ആന്റെ അനുയായികളായ മനുഷ്യരോ, മത വാദികളായ നല്ല മനുഷ്യരോ ഇതു പോലുള്ള ജല്പനങ്ങള് വിശ്വസിക്കുമെന്ന് കരുതേണ്ട. എലിക്കെണിയിലെന്ന പോലെ പെട്ടു കിടന്നപ്പോഴേക്ക് തന്നെയങ്ങ് തൂക്കികൊല്ലൂ മോദി ജി എന്നൊക്കെ ഉളുപ്പില്ലാതെ വിളിച്ചു പറയുന്ന ജലീലും ഇന്ത്യന്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തയാളാണെന്ന കാര്യം ഓര്‍ക്കുന്ന മനുഷ്യര്‍ ഇപ്പോള്‍ ഹോ, ഞങ്ങളുടെ പിഴ, ഞങ്ങളുടെ പിഴ എന്ന് സ്വയം ശപിക്കുന്നുണ്ടാകും.
ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളും എല്ലാം ലംഘിച്ച് സര്‍ക്കാര്‍ ഓഫീസ് വഴി ജലീല്‍ ഖുറാന് വിതരണം ചെയ്തു എന്ന ഗുരുതരമായ ആരോപണത്തെ ആവേശത്തോടെ അംഗീകരിക്കുന്നവരുണ്ട്. ഇത് മുസ്ലിം വോട്ട് ഉറപ്പാക്കുമെന്ന ധാരണ തെറ്റാണ്. എല്ലാ മുസ്ലിം ഭവനങ്ങളിലും ഖുറാന് കോപ്പി ഉണ്ടാകും. ആവശ്യക്കാര്‍ക്ക് അത് നല്കാന് ജമാഅത്തുകളുമുണ്ട്. ഒരു മന്ത്രി ആ പണി ഏറ്റെടുക്കുമ്പോള്‍ മന്ത്രിയുടെ പഴയ മുദ്രാവാക്യം ഓര്‍മ്മയിലെത്തും. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് വിളിച്ചും പോസ്റ്റര്‍ ഒട്ടിച്ചും നടന്നയാളാണ് ജലീല്‍. പുതിയ രാഷ്ട്രീയ ബാന്ധവത്തിന്റെ വെളിച്ചത്തില്‍ ചൈനയുടെ മോചനം ഇസ്ലാമിലൂടെ എന്ന് വിളിക്കാന്‍ ജലീലിന് ധൈര്യമുണ്ടോ? ഖുറാന്റെ ഒരു കോപ്പി ചൈനയിലെത്തിക്കാന്‍ ത്രാണിയുണ്ടോ? മന്ത്രിക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് (സി-ആപ്ട്) ആസ്ഥാനത്ത് നിന്ന് വിദേശ സഹായത്തോടെ വിതരണം ചെയ്തത് 32 കെട്ടുകളിലായി രണ്ടായിരത്തോളം ഖുറാനാണ്. യുഎഇ കോണ്‍സുലേറ്റ് വഴി വിതരണം ചെയ്ത 1000 കിറ്റിനൊപ്പം ഖുറാനും നല്‍കിയെന്നാണ് സി-ആപ്ട് ഉദ്യോഗസ്ഥരുടെ മൊഴി. ഇത്രയധികം ഖുറാന് വിദേശ സഹായത്തോടെ സര്‍ക്കാര്‍ സ്ഥാപനം വഴി വിതരണം ചെയ്തതിലാണ് ദുരൂഹത. നയതന്ത്ര ചാനല്‍ വഴി വന്ന ചില കെട്ടുകള്‍ യുഎഇ കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ സി-ആപ്ട് ആസ്ഥാനത്തേക്ക് എത്തിച്ചിരുന്നുവെന്നതിന് കസ്റ്റംസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 32 കെട്ട് ഖുറാനുകള്‍ ഇവിടെ എത്തിയിരുന്നെന്ന് കണ്ടെത്തിയത്. ഓരോ കെട്ടിലും 62 ഖുറാന് വീതം ഉണ്ടായിരുന്നു. ഖുറാനുകള്‍ യുഎഇയില്‍ പ്രിന്റ് ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം. ഇതെല്ലാം അറിയുന്ന കെ.ടി. ജലീല്‍ തുടരെ ന്യായീകരണം നടത്തുകയാണ്. ഉന്നത പദവിയിലിരുന്ന് ഇത്തരം പോക്കണംകേട് കാട്ടുന്നത് പൊറുക്കാനാവുന്ന കുറ്റമല്ല. എത്രയും വേഗം പദവി ഒഴിയുന്നതാണ് അഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: