ആലപ്പുഴ: പ്രളയാനന്തര നവകേരള പദ്ധതി പ്രഖ്യാപിച്ച് രണ്ടും വര്‍ഷമായിട്ടും പാതിവഴിയില്‍. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ കൈകഴുകുകയാണെന്ന് ആക്ഷേപം. 2018 ആഗസ്റ്റിലെ മഹാപ്രളയത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് രണ്ട് വര്‍ഷം എത്തിയിട്ടും പാതിവഴിയില്‍ നിലച്ചത്.
പൊതുമരാമത്ത് റോഡുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍, ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, തീരദേശ സംരക്ഷണം, തീരപ്രദേശത്തെ പുനരധിവാസം, പൊതു സ്ഥാപനങ്ങള്‍, ആരോഗ്യമേഖല, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലയില്‍ 15882 കോടി രൂപ ചിലവഴിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്കി കുട്ടനാട്ടിലെ കര്‍ഷകരുടെ ഉന്നമനത്തിന് നവകേരള പദ്ധതിയില്‍പെടുത്തി പ്രത്യേക പാക്കേജും പരിഗണിച്ചിരുന്നു.
കാര്‍ഷിക മേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം കണക്കിലെടുത്ത് ആ മേഖലകളില്‍ പുനര്‍നിര്‍മ്മാണത്തിന് വിഭവസമാഹരണത്തിനുളള സാധ്യത പരിശോധിക്കാനും തീരുമാനിച്ചു. പദ്ധതി ആസൂത്രണം ചെയ്ത് രണ്ട് വര്‍ഷമാകാന്‍ ഏതാനും ആഴ്ചകള്‍ ബാക്കിയുള്ളപ്പോള്‍ പലമേഖലകളിലും പുനര്‍ നിര്‍മ്മാണ സാധ്യതയോ, കാര്‍ഷിക രംഗത്തെ പ്രശ്നപരിഹാരമോ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
മണ്‍സൂണ്‍ മഴ ശക്തിപ്രാപിക്കാതെ തന്നെ പൊതുമരാമത്ത് റോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങി. ഗ്രാമീണ മേഖലയിലെ ശുദ്ധജല വിതരണം എങ്ങുമെത്തിയിട്ടില്ല. വെള്ളപ്പൊക്ക നിയന്ത്രണങ്ങ പദ്ധതികള്‍ നടപ്പായില്ല. നദികളിലേയും തോടുകളിലേയും മാലിന്യവും, എക്കലും നീക്കം ചെയ്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഏതാനും സ്ഥലങ്ങളില്‍ പേരിന് മാത്രമാണ് പദ്ധതി നടന്നത്.
തീരദേശ സംരക്ഷവും തീരദേശവാസികളുടെ പുനരധിവാസവും ചുവപ്പ് നാടയില്‍ കുടുങ്ങി. കടല്‍ക്ഷോഭത്തില്‍ വെള്ളം കയറുന്ന തീരദേശവാസികളെ പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. പരിസ്ഥിതി ലോല മേഖലയില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അനധികൃത നിര്‍മ്മാണവും, നികത്തലും, മല ഇടിച്ച് താഴ്ത്തലും തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: