തിരുവനന്തപുരം: അയോധ്യ പ്രക്ഷോഭം തണുപ്പിക്കാന്‍ കെ കരുണാകരനെ കൂട്ടു പിടിച്ച് രാജാവ് ഗാന്ധി ശ്രമം നടത്തിയിരുന്നു. കാഞ്ചി ശങ്കരാചാര്യരെ സ്വാധീനിച്ച് വിശ്വഹിന്ദു പരിഷത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രക്ഷോഭം നീട്ടി വെകിപ്പിക്കാനായിരുന്നു ശ്രമം. കരുണാകരന് കഴിയുന്നത്ര ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
1989 മെയിലാണ് അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി രാജ്യവ്യാപകമായി ശിലകള്‍ സമാഹരിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് തീരുമാനിക്കുന്നത്. അടുത്ത മാസം അയോധ്യ പ്രശ്നം ഏറ്റെടുത്ത് ബി.ജെ.പി. പ്രമേയം പാസാക്കി.
രാഷ്ട്രീയമായി വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി രാജീവ് ഗാന്ധി കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. നവംബറില്‍ ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നതിനാല്‍ അതുവരെ അയോധ്യ സമരം എങ്ങനെ തണുപ്പിച്ചു നിര്‍ത്താം എന്നതായിരുന്നു പ്രധാന വിഷയം. സന്യാസിമാരെ കൊണ്ട് പറയിപ്പിച്ചാല്‍ കാര്യം നടക്കുമെന്ന അഭിപ്രായം വന്നു . യോഗത്തിലുണ്ടായിരുന്ന കെ കരുണാകരനാണ് കാഞ്ചി പരമാചാര്യ ചന്ദ്രശേഖര സരസ്വതി പറഞ്ഞാല്‍ വിശ്വഹിന്ദു പരിഷത്ത് അനുസരിച്ചേക്കും എന്ന നിര്‍ദ്ദേശം വെച്ചത്. പ്രമുഖ സന്യാസിമാരില്‍ കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തുന്ന സന്യാസിയും അദ്ദേഹമാണ്. കൈപ്പത്തി ചിഹ്നം കോണ്‍ഗ്രസ് സ്വീകരിച്ചത് സ്വാമി നിര്‍ദ്ദേശിച്ചതനുസരിച്ചാണെന്നു പോലും പറഞ്ഞിരുന്നു.
ചന്ദ്രശേഖര സരസ്വതിയെ കാര്യം ബോധ്യപ്പെടുത്താനുള്ള ചുമതല കരുണാകരനെ തന്നെ രാജീവ് ഗാന്ധി ഏല്പിച്ചു. സ്വാമിയുമായി കരുണാകന് നല്ല ബന്ധമാണുണ്ടായിരുന്നത്. മഠത്തിലേക്ക് രണ്ട് ആനകളേയും കരുണാകരന് മുന്‍കൈ എടുത്ത് നല്‍കിയിരുന്നു. രാഷ്ട്രീയ വിവാദം ഭയന്ന് കരുണാകരന് കാഞ്ചി ആശ്രമത്തിലെത്തി സ്വാമിയെ കണ്ട് കാര്യം പറയാന്‍ പ്രയാസം. ശങ്കരാചാര്യരുടെ പരമ ഭക്തനായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനെയാണ് കരുണാകരന് ദൂതനായി ഉപയോഗിച്ചത്. ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിന്റെ സെക്രട്ടറിയും റവന്യൂ സെക്രട്ടറിയുമൊക്കെയായിരുന്ന ഡോ ടി വി സ്വാമിനാഥനെ ചെന്നൈയ്ക്ക് അയച്ചു. സ്വാമിനാഥന് മഠത്തില്‍ ചെല്ലുമ്പോള്‍, ശങ്കരാചാര്യരെ കാണാന്‍ വിഐപി വന്നിട്ടുണ്ടെന്നും കുറച്ചു സമയം കാത്തിരിക്കണം എന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
അരമണിക്കൂറിനകം വിഐപി പുറത്തേക്കുവന്നു. കയ്യില്‍ പട്ടില്‍ പൊതിഞ്ഞ ഒരു ശിലയും ഉണ്ടായിരുന്നു. സ്വാമിനാഥന് പെട്ടന്ന് ആളെ പിടികിട്ടി. വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക സിംഗാള്‍. ശിലാപൂജയ്ക്ക് ശങ്കരാചാര്യരുടെ അനുഗ്രഹം വാങ്ങി മടങ്ങുകയാണ്.
ശങ്കരാചാര്യരുടെ മുന്നിലെത്തിയപ്പോള്‍ കരുണാകരന് പറഞ്ഞയച്ചതാണെന്ന കാര്യം പറയാന്‍ പോലും സ്വാമിനാഥനും കഴിഞ്ഞില്ല. വെറുതെ കാണാന്‍ എത്തി എന്നു പറഞ്ഞൊഴിഞ്ഞ അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് ശങ്കരാചാര്യരുടെ ചോദ്യം’അയോധ്യ സമരം മാറ്റിവെക്കണമെന്ന് സൂചിപ്പിക്കാനല്ലല്ലോ വന്നത്’ എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: