ന്യൂദല്‍ഹി: ഭാരതത്തിലെ ജനത നൂറ്റാണ്ടുകള്‍ കാത്തിരുന്ന രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ പുണ്യനിമിഷങ്ങള് എല്ലാ വീടുകളിലേക്കും ലൈവായി എത്തിക്കാന്‍ പ്രസാര്‍ഭാരതി. ദൂരദര്‍ശന്റെ എല്ലാ ഭാഷാ അടിസ്ഥാന ചാനലുകളിലും ഡിഡി നാഷണലിലും അയോധ്യയില്‍ നിന്ന് ചടങ്ങുകള്‍ തല്‍സമയ സംപ്രേക്ഷണം ചെയ്യും. ദൂരദര്‍ശനില്‍ തത്സമയ സംപ്രേക്ഷണം വഴി എല്ലാവര്ക്കും ചടങ്ങുകള്‍ കാണാനാവുമെന്ന് പ്രസാര്‍ഭാരതി വ്യക്തമാക്കി.
നേരത്തെ, ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സിപിഐ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. സിപിഐ ലോക്സഭാകക്ഷി നേതാവും മലയാളി എംപിയുമായി ബിനോയ് വിശ്വമാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കത്തയച്ചത്. ദൂരദര്‍ശനില്‍ ചടങ്ങ് തത്സമയ സംപ്രേഷണം ചെയ്യുന്നതില്‍ പ്രതിഷേധാര്‍ഹമാണെന്നും അതു ഒഴിവാക്കണമെന്നുമാണ് കത്തിലെ ആവശ്യം.
ദൂരദര്‍ശനിലൂടെ അയോദ്ധ്യയിലെ മതപരമായ ചടങ്ങുകള്‍ സംപ്രേഷണം ചെയ്യുന്നത് ദേശീയ ഐക്യത്തെ ബാധിക്കും. വളരെക്കാലമായി തര്‍ക്കം നിലനിന്നിരുന്ന അയോദ്ധ്യയിലെ തറക്കല്ലിടല്‍ കര്‍മ്മം സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിയാണ് ലോകത്തിലെ എല്ലാ ശ്രീരാമചന്ദ്ര ഭക്തന്മാര്ക്കുമായി ദൂരദര്ശന് ചടങ്ങുകള്‍ ലൈവായി നല്‍കുന്നത്.
ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും അയോധ്യയിലെ രാമജന്മഭൂമിയിലെത്തും. ചടങ്ങില്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി, കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം രാമജന്മഭൂമി പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കാളികളാകും.
അഞ്ചാം തീയതി രാവിലെ 12.30നും 12.40നും ഇടയിലുള്ള അഭിജീത് മുഹൂര്‍ത്തത്തിലാണ് ഭൂമിപൂജയും ശിലാന്യാസവും നടക്കുന്നത്. രാവിലെ 11.15ന് അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി 2 മണി വരെ അവിടെ തുടരും. രാമജന്മഭൂമിയിലേക്ക് എത്തുന്നതിന് മുമ്പായി ഹനുമാന്‍ഗാട്ടിയില്‍ മോദി ദര്‍ശനം നടത്തും. പ്രധാന നേതാക്കള്‍ അയോധ്യയില്‍ ഭൂമിപൂജാചടങ്ങില് സംസാരിക്കും. അഞ്ചിന് രാവിലെ ലോകമെങ്ങുമുള്ള രാമഭക്തര്‍ പൂജകളും വൈകിട്ട് ദീപക്കാഴ്ചയും ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: