കാസര്‍കോട്: കോവിഡ് പോസിറ്റീവായ സ്ത്രീയുടെ മൃതദേഹത്തോട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി അധികൃതര്‍ അനാദരവ് കാട്ടിയെന്ന പരാതിയില്‍ ജില്ലാ ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ച്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന ബന്ധുക്കളുടെ പരാതി ഗൗരവകരമായാണ് കാണുന്നതെന്നും ഡെപ്യൂട്ടി സൂപ്രണ്ടിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറഞ്ഞു.
കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയില്‍ മരണപ്പെടുകയും ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത മഞ്ചേശ്വരം കുഞ്ചത്തൂരിലെ കദീജുമ്മ(55)യെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കിടക്ക വിരിയില്‍ പൊതിഞ്ഞ് സ്ട്രച്ചറില്‍ കിടത്തിയെന്നാണ് പരാതി. മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളും പറയുന്നു. പി.പി.ഇ. കിറ്റ് ധരിക്കാതെയാണ് മൃതദേഹം താങ്ങിയെടുത്ത് കിടത്തിയതെന്നും ആക്ഷേപമുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് ഖദീജുമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെ മരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൃതദേഹത്തില്‍ നിന്ന് സ്രവമെടുത്ത് ആന്റിജന്‍ ടെസ്റ്റ് നടത്തി. ഇതില്‍ കോവിഡ് ബാധിതയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡ് ബാധ ഉറപ്പാക്കാന്‍ വേണ്ടി പി.സി.ആര്. ടെസ്റ്റ് കൂടി വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചതിനാല്‍ പരിശോധനയ്ക്ക് സ്രവം എടുക്കുന്നതുവരെ അവിടെ തന്നെ കിടത്താനായിരുന്നു നിര്‍ദ്ദേശം.
ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ഇറക്കിയ മൃതദേഹം ആശുപത്രിക്ക് പുറത്ത് സ്ട്രച്ചറില്‍ കൊണ്ടുവന്ന് കിടത്തിയത് സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതെയാണെന്നും മൃതദേഹത്തിനും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ലെന്നും പറയുന്നു. കിടക്ക വിരിയില്‍ പൊതിഞ്ഞാണ് ഏറെ നേരം മൃതദേഹം ആശുപത്രിക്ക് താഴെ കിടത്തിയത്. പിന്നീട് പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആംബുലന്‍സ് ഡ്രൈവറാണ് മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞത്.
അതേസമയം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നുമുള്ള ആരോപണങ്ങള്‍ കെയര്‍വെല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. അഫ്സല് നിഷേധിച്ചു. എല്ലാ വിഭാഗം രോഗികളോടും മാന്യമായ സമീപനവും മികച്ച ചികിത്സയുമാണ് കെയര്‍വെല്‍ ആശുപത്രി ഇക്കാലമത്രയും ചെയ്തുവരുന്നത്. വെള്ളിയാഴ്ച മരിച്ച സ്ത്രീയുടെ മരണകാരണം ന്യൂമോണിയ ആയിരുന്നുവെങ്കിലും കോവിഡ് ബാധിതയായിരുന്നുവോയെന്ന് സ്ഥിരീകരിക്കാന്‍ ജില്ലാ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിരുന്നു.
പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്സിലേക്കെടുക്കുമ്പോഴേക്കും ജനറല്‍ ആശുപത്രിയില്‍ നിന്ന് പുതിയ നിര്‍ദ്ദേശം വന്നു. പി.സി.ആര്. ടെസ്റ്റ് കൂടി നടത്തേണ്ടതുള്ളതിനാല്‍ ജീവനക്കാര്‍ ഉടന്‍ അവിടെ എത്തുമെന്നും മൃതദേഹം തല്ക്കാലം അവിടെത്തന്നെ കിടത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇതിന് വേണ്ടിവന്ന കാത്തിരിപ്പ് വേളയില്‍ കോവിഡുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നു. രോഗികളോടോ മൃതദേഹങ്ങളോടോ കെയര്‍വെല്‍ ആശുപത്രി ഇതുവരെ ഒരു അനാദരവും കാട്ടിയിട്ടില്ല.
കോവിഡിന്റെ ഭീഷണിയുള്ള ഈ സമയത്ത് പോലും പാതിരാ നേരത്ത് ഡോക്ടര്‍ വന്ന് രോഗിയെ പരിശോധിച്ചത് രോഗികളോടുള്ള ആശുപത്രിയുടെ പ്രതിബദ്ധതയുടെ പേരിലാണ്. ആശുപത്രി അടച്ചു പൂട്ടാന്‍ ഡി.എം.ഒ. ആവശ്യപ്പെട്ടിരുന്നുവെന്ന പ്രചരണങ്ങള്‍ ശരിയല്ല. തങ്ങളോട് അങ്ങനെ ഒരാവശ്യവും ഉന്നയിച്ചിട്ടില്ലെന്നും ഡോ. അഫ്സല് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: