മറയൂര്‍: കാന്തല്ലൂരിലെ ബ്രദേഴ്സ് ഹൗസില്‍ നിന്ന് കഞ്ചാവ് ചെടിയും ജീവനുള്ള മുള്ളന്‍ പന്നിയേയും പിടികൂടി. സ്കൂള്‍, ഹോസ്റ്റല്‍, ആരാധാനാലയം ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന സേക്രട്ട് ഹാര്‍ട്ട് ബ്രദേഴ്സ് ഹൗസ് മാനേജരുടെ വസതിയിലാണ് മുള്ളന്‍ പന്നിയും കഞ്ചാവ് ചെടിയും കണ്ടെത്തിയത്. സംഭവത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിനും മുള്ളന്‍ പന്നിയെ കെണിവച്ച് പിടികൂടിയതിനും മനേജര്‍ സഹായരാജിന്റെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.
പുറത്ത് നിന്നും ആര്‍ക്കും പ്രവേശമില്ലാത്ത വസതിക്കുള്ളില്‍ ഇന്നലെ പുലര്‍ച്ചെ മുള്ളന്‍ പന്നിയെ കെണിവച്ച് പിടിച്ചതായി വനംവകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കാന്തല്ലൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. സന്ദീപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ ഉയരമുള്ള ഇരുമ്പ് കെണിയൊരുക്കി മുള്ളന്‍ പന്നിയെ കൂടിനുള്ളില്‍ ഇട്ടിരിക്കുന്നത് കണ്ടത്.
വനപാലകര്‍ പരിസരത്ത് നടത്തിയ തെരച്ചിലിലാണ് ബ്രദര്‍ ഹൗസിന്റെ മുന്നില്‍ നട്ടുവളര്‍ത്തിയ 160 സെന്റി മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയും കണ്ടത്തിയത്. കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന്
വനപാലകര്‍ എക്സൈസ് സംഘത്തെ വിവരം അറിയിക്കുകയും എക്സൈസ് സംഘം സ്ഥലത്ത് എത്തി കഞ്ചാവ് നട്ടുവളര്‍ത്തിയതിന് കേസെടുക്കുകയും ചെയ്തു. വനപാലകര്‍ മാനേജരെ മുള്ളന്‍ പന്നിയെ പിടികൂടിയ കേസില്‍ കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ നിന്നും അനുവാദത്തോടെ എക്സൈസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടികള്‍ ആരംഭിച്ചു.
എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി എന്ന് സംശയിക്കുന്ന ഉണങ്ങിയ കൂറ്റികള്‍ കണ്ടെത്താന്‍ സാധിച്ചു. 1949 കാലം മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന സ്കൂള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളാണ് സേക്രട്ട് ഹേര്‍ട്ട് ബ്രദേഴ്സ് നടത്തി വരുന്നത്. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശിയായ സഹായ രാജ് രണ്ട് വര്‍ഷം മുന്‍പാണ് കാന്തല്ലൂരിലെത്തി ചുമതലയേല്‍ക്കുന്നത്.
പ്രതിയെ ദേവികൂളം കോടതിയില്‍ ഹാജരാക്കും. കൂട്ടില്‍ കണ്ടെത്തിയ മുള്ളന്‍ പന്നിയെ വെട്ടിനറി ഡോക്ടര്‍ എത്തി വൈദ്യപരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: