1947 ആഗസ്റ്റ് രണ്ട് അര്‍ദ്ധരാത്രി. പത്തോളം വരുന്ന കൊലയാളിസംഘം അങ്ങാടിപ്പുറത്തിനടുത്ത് മാലാപ്പറമ്പിലെ ‘മൊയ്തു റബ്ബര്‍ എസ്റ്റേറ്റില്‍’ രാമസിംഹന്റെ ബംഗ്ലാവില്‍ സായുധരായി അതിക്രമിച്ചുകയറി. നിരായുധരും നിസ്സഹായരുമായ വിരലിലെണ്ണാവുന്ന അന്തേവാസികളെ നിഷ്കരുണം വെട്ടിനുറുക്കി. ബംഗ്ലാവിന്റെ ഭിത്തികളില്‍ രക്തവും മാംസവും തെറിച്ചുണ്ടായ ഭീകരചിത്രങ്ങള്‍ അവശേഷിക്കുന്നു. ശ്രീനരസിംഹസ്വാമി ഭക്തരായ സഹോദരന്മാര് രാമസിംഹന്, ദയാസിംഹന്, ദയാസിംഹന്റെ നവവധു കമലാ അന്തര്‍ജനം എന്ന നമ്പൂതിരി യുവതി, പാചകക്കാരന് രാജു അയ്യര്‍ എന്നിവര്‍ തല്‍ക്ഷണം കൊലചെയ്യപ്പെട്ടു. ഇരുളിന്റെ മറവില്‍ വിറങ്ങലിച്ചുനിന്ന ഏതാനും പേര് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ അല്‍പ്പം ചില ദിവസങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയ ഈ സംഭവം മലബാറിലെ ഹിന്ദു സമൂഹത്തിന്റെ അരക്ഷിതത്വവും അസംഘടിതവുമായ അവസ്ഥ നിദര്‍ശനമായി ചൂണ്ടിക്കാണിക്കാം. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് നിയമപാലകര്‍ സ്ഥലത്തെത്തുന്നത്. ഹതഭാഗ്യരായ ഈ ഹൈന്ദവ സഹോദരന്മാരുടെ മൃതശരീരങ്ങള്‍ ആചാരപരമായ മരണാനന്തര കര്‍മ്മങ്ങളൊന്നും നടത്താതെ പെരിന്തല്‍മണ്ണ നഗരത്തിനടുത്തുള്ള കുന്നിന് ചെരുവില്‍ നാല്ക്കാലികളെയെന്നപോലെ കുഴിച്ചുമൂടിയെന്ന് പറയപ്പെടുന്നു.
ഇസ്ലാമിക കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ സനാതനധര്‍മ്മം സ്വീകരിച്ചു എന്നതാണ് കുറ്റം! മാപ്പിളലഹളയുടെ നൂറാം വാര്‍ഷികത്തിന്റെ ഈ വേളയില്‍, ‘വാരിയംകുന്നന്റെ വിരോതിഹാസങ്ങള്‍’ ചലച്ചിത്രമാക്കുന്ന സന്ദര്‍ഭത്തില്‍, രാമസിംഹന് വധം വിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്. 1921ലെ മാപ്പിളലഹളയില്‍ പതിനായിരത്തോളം ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും കര്‍ഷക തൊഴിലാളികളായ ഹിന്ദുസമുദായത്തിലെ അധസ്ഥിത വിഭാഗത്തില്‍പ്പെടുന്നവരും. മതപരിവര്‍ത്തനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കും മറ്റുള്ളവര്‍ക്കും പുറമെയാണിത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കുടുംബം പോലും അക്രമങ്ങള്‍ക്കിരയായിട്ടുണ്ടെങ്കിലും മാപ്പിള ലഹളയെ കാര്‍ഷിക സമരമെന്ന് വിശേഷിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് എന്ന അക്രമിയെ ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് സ്വാതന്ത്രസമരസേനാനിയായി അവതരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു.
മലപ്പുറത്തിനടുത്ത് ചെമ്മങ്കടവിലെ പ്രശസ്തമായ കിളിയമ്മണ്ണില്‍ മൊയ്തു സാഹിബിന്റെ മക്കള്‍ ഉണ്ണീന്‍, ആലിപ്പു എന്നിവരാണ് രാമസിംഹന്, ദയാസിംഹന് (നരസിംഹന് നമ്പൂതിരി) എന്നീ പേരുകളോടെ സനാതനധര്‍മ്മം സ്വീകരിച്ചത്. രാമസിംഹന്റെ 12 വയസ്സില്‍ താഴെയുള്ള മൊയ്തു, മൊയ്തൂട്ടി എന്നീ ബാലന്മാര്ക്ക് ഫത്തേസിങ്, സ്വരാവര്‍സിങ് എന്നിങ്ങനെയും പേരിട്ടു. അവരെ ദല്‍ഹിയിലെ ബിര്‍ളാ സ്കൂളില്‍ പഠിക്കാന്‍ വിട്ടതുകൊണ്ട് മാത്രമാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രാമസിംഹന് വധത്തിന് സജ്ജമാക്കിയ കൊലപാതകികളുടെ സംഘത്തെ നിയോഗിച്ചത് രാമസിംഹന്റെ ഭാര്യാപിതാവായ മണ്ണാര്‍ക്കാട്ടെ കല്ലടി ഉണ്ണിക്കമ്മു ആണെന്നും പറയപ്പെടുന്നു. രാമസിംഹന് പുനരുദ്ധരിച്ച് ആരാധന നടത്തിയിരുന്ന മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രം അദ്ദേഹത്തിന്റെ വധത്തിനുശേഷം പൂര്‍ണ്ണമായി നശിപ്പിക്കപ്പെടുകയുമുണ്ടായി.
കിളിയമണ്ണില്‍ മൊയ്തു സാഹിബ് റബ്ബര്‍ കൃഷിയില്‍ പ്രാവീണ്യം നേടിയത് ബ്രിട്ടീഷുകാരുടെ പക്കല്‍ നിന്നാണ്. തൃശ്ശൂരില്‍ വെള്ളക്കാരുടെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം മക്കള്‍ക്കുവേണ്ടി മാലാപറമ്പില്‍ എസ്റ്റേറ്റ് ആരംഭിക്കാന്‍ ശ്രമിച്ചു. ഈ പ്രേരണയുമായി അദ്ദേഹം മക്കളോടൊപ്പം ശ്രീനരസിംഹമൂര്‍ത്തിക്ഷേത്രം ഊരാളന്‍ ചെമ്മലശ്ശേരി കുണ്ടറക്കല്‍ മുപ്പില് നായരെ സന്ദര്‍ശിച്ച് 600 ഏക്കര്‍ ക്ഷേത്രഭൂമി പാട്ടത്തിനെടുത്ത് എസ്റ്റേറ്റ് ആരംഭിച്ചു. ക്ഷേത്രത്തിന് എതിര്‍വശത്ത് ബംഗ്ലാവ് നിര്‍മ്മിച്ച് ഉണ്ണീന്‍ സാഹിബും പരിവാരങ്ങളും പ്രൗഢിയോടെ താമസം തുടങ്ങി. അന്ന് ജീര്‍ണ്ണാവസ്ഥയില്‍ കിടന്നിരുന്ന ക്ഷേത്രത്തിന്റെ ശീലകളും മറ്റുമുപയോഗിച്ച് ബംഗ്ലാവ് മോടിക്കൂട്ടി. അങ്ങാടിപ്പുറത്ത് അധികാരി സി.പി. കേശവ തരകന് അടക്കമുള്ള ധനാഢ്യരുമായിട്ടായിരുന്നു സംസര്‍ഗ്ഗം. വഴിവിട്ട ജീവിതരീതികള്‍ ഉണ്ണീനെ നിത്യരോഗിയാക്കിയെന്നും ജ്യോതിഷികളുടെയും മറ്റും ഉപദേശപ്രകാരം തകര്‍ന്നു കിടക്കുന്ന ക്ഷേത്രം പുനരുദ്ധരിക്കാനും അതുവഴി രോഗശാന്തി ഉണ്ടാവാനുമിടയായി എന്നും അഭിജ്ഞമതം. ദിവസങ്ങള്‍ ചെല്ലുംന്തോറും ഉണ്ണീന്‍ സാഹിബ് വിഷ്ണു ഭക്തിയും ഹൈന്ദവ ജീവിതരീതിയും ശീലമാക്കി. കോഴിക്കോട് ആര്യസമാജം മുഖേന ഉണ്ണീന്‍ സാഹിബ്, ആലിപ്പു, മക്കള്‍ എന്നിവര്‍ ഇസ്ലാം ഉപേക്ഷിച്ച് സനാതനധര്‍മ്മം സ്വീകരിച്ചു. ഈ നടപടിയില്‍ അസഹിഷ്ണത പൂണ്ട മുസ്ലിം മതമൗലികവാദികള്‍ രാമസിംഹനെയും സഹായികളെയും വധിച്ചു. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നെങ്കിലും അന്നത്തെ മദിരാശി സര്‍ക്കാരില്‍ പങ്കാളികളായ മലബാറില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കി ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തി. ഇന്നും വോട്ടുബാങ്ക് രാഷ്ട്രീയമാണല്ലോ ഇവര്‍ അനുവര്‍ത്തിക്കുന്നതും.
കൂട്ടക്കൊലക്ക് സാക്ഷ്യം വഹിച്ച ബംഗ്ലാവും മൊയ്തു റബ്ബര്‍ എസ്റ്റേറ്റും ഉള്‍പ്പെട്ട സ്ഥലം പലവിധം കൈമാറ്റങ്ങള്‍ക്ക് ശേഷം ഇന്ന് മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയോടുകൂടി മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സമുച്ചയമാണ്. അന്ന് തകര്‍ക്കപ്പെട്ട മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രം, ഒരു ഏക്കറോളം വരുന്ന ഭൂമിയില്‍ 2011ല്‍ പുനരുദ്ധാരണം കഴിഞ്ഞ് മഹാക്ഷേത്രമായി വിരാജിക്കുന്നു. ക്ഷേത്രപുനര്നിര്മ്മിതിക്ക് തുടക്കം കുറിച്ച സ്വര്‍ഗ്ഗീയ ശങ്കര്‍ ശാസ്ത്രി മലബാറില്‍ സംഘപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കിയ രണ്ടാമത്തെ പ്രചാരകനാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സംയോജകനായി നിലകൊണ്ട സ്വര്‍ഗ്ഗീയ രാ. വേണുഗോപാല്‍ 1947ല്‍ അങ്ങാടിപ്പുറം ഉള്‍പ്പെട്ട താലൂക്ക് ചുമതല ഏറ്റെടുത്ത പ്രചാകരനായിരുന്നു.
നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത സ്വര്‍ഗ്ഗീയ സി.പി. ജനാര്ദ്ദനന് മലബാറില്‍ ഹൈന്ദവ നവോത്ഥാന സമരങ്ങള്‍ നയിച്ച പ്രഗത്ഭനായ സംഘപ്രചാരകനായിരുന്നു. ഈ മഹത്തുക്കളുടെ മനസ്സില്‍ രൂപം കൊണ്ട്, ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനം ഉയര്‍ത്തി, ധര്‍മ്മത്തിന്റെ വെന്നികൊടി പാറിച്ചുകൊണ്ട്, ജീവാഹുതി ചെയ്ത ബലിദാനികളുടെ ഓര്‍മ്മകളുമായി മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രം തലയുയര്‍ത്തി നില്ക്കുന്നു. ഇഷ്ടദേവന്റെ അനുഗ്രഹവര്‍ഷം രാമസിംഹന്റെ ആത്മാവിനും നിത്യശാന്തിയേകട്ടെ.
കെ.പി. വാസു മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: