രാഗങ്ങളുടെ പത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി ഗായത്രി ചൊല്ലിയ സംഗീതജ്ഞന്. ഈശ്വരന് സംഗീതമാണെന്നും, അവിടുത്തെ വരദാനമല്ലാതെ തന്റേതായി ഒന്നുമില്ലെന്നും അടിയുറച്ചു വിശ്വസിച്ചിരുന്ന വി. ദക്ഷിണാ മൂര്‍ത്തി ഓര്‍മയായിട്ട് സപ്തസ്വരങ്ങള്‍പോലെ ഏഴു വര്‍ഷങ്ങള്‍. ചില രാഗങ്ങള്‍ അദ്ദേഹത്തിന് പ്രാണവായുപോലെയായിരുന്നു. അതെല്ലാം ഭക്തിയുടെ തേജസ്സ് ജ്വലിച്ചു നില്ക്കുന്നവയും ആയിരുന്നു. ഏത് ഗാനത്തിന്റെ റിക്കാര്‍ഡു കഴിഞ്ഞെത്തിയാലും ഏതൊരു കച്ചേരി കഴിയുമ്പോഴും ‘എന്റെ വൈക്കത്തപ്പാ!’ എന്ന വിളി കേട്ടാല്തന്നെ ഭക്തിയുടെ നിറചൈതന്യം ആ മുഖത്തു തെളിയുമായിരുന്നു. ശരീരം മുഴുവന്‍ ഭസ്മക്കുറികളുടെ അലങ്കാരം. കഴുത്തില്‍ രുദ്രാക്ഷമാല, കൈകളില്‍ സംഗീതമുദ്രകള്‍, മനസ്സുനിറയെ രാഗഭാവങ്ങള്‍.
മലയാള സിനിമാരംഗത്ത് പ്രഗത്ഭരായ സംഗീത സംവിധായകരുണ്ടെന്നിരിക്കിലും അവര്‍ക്കിടയില്‍ സ്വാമി തലയുയര്‍ത്തി നിന്നിരുന്നു. ബാബുരാജ്, കെ. രാഘവന് മാഷ് തുടങ്ങിയവര്‍ക്കെല്ലാം ആദരണീയനായിരുന്നു സ്വാമി. ഗാനരചയിതാവിന്റെ ആദ്യ വരികളില്‍ത്തന്നെ അത് ഏതു രാഗത്തില്‍ ചിട്ടപ്പെടുത്തണമെന്ന് തിരിച്ചറിയാനുള്ള അപൂര്‍വ സിദ്ധി ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്കുണ്ടായിരുന്നു.
1950 ല്‍ അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നു. കെ.കെ. പ്രൊഡക്ഷന്‍സിനുവേണ്ടി കുഞ്ചാക്കോയും കെ.വി. കോശിയും ചേര്‍ന്നുനിര്‍മിച്ച ‘നല്ല തങ്ക’ എന്ന മലയാള സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യത്തെ സംഗീതം പിന്നീടങ്ങോട്ട് സ്വാമി സംഗീതം നിര്‍വഹിച്ച എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. അവയില്‍ ഒട്ടുമുക്കാലും ക്ലാസിക്കല്‍ ടച്ചുള്ളവയായിരുന്നു. പി.ലീല, ശാന്ത പി.നായര്‍, കല്യാണി മേനോന്, എസ്. ജാനകി എന്നിങ്ങനെ പ്രമുഖ ഗായികമാരെല്ലാം ആ സംഗീതത്തിനു ശബ്ദം നല്കിയവരാണ്. പി.ലീല പാടിയ ”പ്രിയമാനസാ നീ വാ വാ!…” എന്ന ഗാനം ഇന്നും എത്രയോ ആസ്വാദകര്‍ കേട്ടുകൊണ്ടിരിക്കുന്നു. ‘കാവ്യമേള’ എന്ന ചിത്രത്തിലെ ‘ദേവി ശ്രീദേവി’ എന്ന യേശുദാസ് ഗാനം ആര്‍ക്കാണു മറക്കാനാവുക?
ആറുപതിറ്റാണ്ടിലേറെക്കാലത്തെ തുടര്‍ച്ചയായ സംഗീതസപര്യയില്‍ മലയാള സിനിമാഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ സ്വാമിയുടെ വൈഭവം തെളിയിക്കുന്നതായി ഒരുപാടുണ്ട്. അഭയദേവ്, പി. ഭാസ്കരന്, ഒ.എന്‍.വി. കുറുപ്പ് തുടങ്ങി എത്രയെത്ര ഗാന രചയിതാക്കള്‍. ഇവരൊക്കെയുണ്ടായിട്ടും ശ്രീകുമാരന്‍ തമ്പിയുമായുള്ള അടുത്ത കൂട്ടുകെട്ട് സ്വാമിക്കിഷ്ടപ്പെട്ട കുറെ മനോഹരഗാനങ്ങളുടെ പിറവിക്കുതന്നെ നിദാനമായി. പാടുന്ന പുഴ എന്ന ചിത്രത്തിലെ ഹൃദയസരസ്സിലെ പ്രണയപുഷ്പങ്ങള്‍ ഇന്നും വാടിക്കൊഴിയാതെ നില്ക്കുന്നുണ്ടല്ലൊ. ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു എന്ന ചിത്രത്തിലെ ‘ആറാട്ടിന് ആനകള്‍ എഴുന്നള്ളി’യതും, ജയചന്ദ്രനെക്കൊണ്ടു പാടിച്ച ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്‍പ്പ’വും, വിലയ്ക്ക് വാങ്ങിയ വീണയിലെ പി. ഭാസ്കരന്റെ ‘കാട്ടിലെ പാഴ്മുളം തണ്ടും…’ ഇന്നും അവിസ്മരണീയമാണ്. ‘വാതില്‍ പഴുതിലൂടെന്‍ മുന്നില്‍…’, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തവും, ഇന്നലെ നീയൊരു സുന്ദര രാഗമായ്, മനോഹരി നീ…, ഹര്‍ഷ ബാഷ്പം തൂകി… എന്നു തുടങ്ങി എത്രയോ വരികള്‍ സ്വാമി സംഗീതത്തിന്റെ തേന്‍പുരട്ടി ആസ്വാദകരുടെ ചുണ്ടില്‍ ചേര്‍ത്തുവച്ചു.
തുടര്‍ച്ചയായി നാലു തലമുറകളെ പാടിപ്പിച്ച ചരിത്രവും സ്വാമിക്കുണ്ട്. ഗാനഗന്ധര്വന് യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫ്, ദാസ്, വിജയ് യേശുദാസ് പിന്നെ കൊച്ചു മകള്‍ അമേയ. ഇളയരാജാ, ആര്.കെ. ശേഖര്‍ (എ.ആര്. റഹ്മാന്റെ പിതാവ്) പി. ലീല തുടങ്ങിയ പ്രതിഭകള്‍ക്ക് ഗുരുസ്ഥാനീയനുമായിരുന്നു. കുട്ടിക്കാലം മുതല്ക്കേ സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന സ്വാമിക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തത് മാതാവ് പാര്‍വ്വതി അമ്മാള്‍ ആയിരുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ ത്രിമൂര്‍ത്തികളായ ത്യാഗരാജ ഭാഗവതര്‍, ദീക്ഷിതര്‍ ശ്യാമ ശാസ്ത്രികള്‍ എന്നീ പൂര്‍വസൂരികളെ ആരാധനാമൂര്‍ത്തികളായി കണ്ടുകൊണ്ട് അവരുടെ പാതകളെ മാത്രമായിരുന്നു സ്വാമി അനുകരിച്ചതും പിന്തുടര്ന്നതും. അമ്മയ്ക്കും അച്ഛനും സപ്തസ്വരങ്ങള്‍ പോലെ ഞങ്ങള്‍ ഏഴുപേരായിരുന്നു എന്നു പറയുമായിരുന്നു. ഏറ്റവും മൂത്തപുത്രനായിരുന്നു സ്വാമികള്‍. അവസാനം സംഗീതം ചെയ്ത ചിത്രം ശ്യാമ രാഗം ആയിരുന്നു.
സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവച്ചതായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ജീവിതം. ഭക്തിയുടെ ധ്യാനത്തില്‍ മുഴുകിയിരിക്കുമ്പോള്‍ മനസ്സില്‍ രാഗനിര്‍ഝരികള്‍ പെയ്തിറങ്ങുമെന്ന് തന്റെ സഹധര്‍മിണിയോടു പറയുമായിരുന്നു. തന്റെ സംഗീത വഴികളില്‍ വിളക്കായിരുന്നു ഭാര്യ കല്യാണിയമ്മാള്‍. എല്ലാ വൈക്കത്തഷ്ടമി നാളിലും ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം നടക്കാറുള്ള ക്ഷേത്രമാണ് വൈക്കം ശ്രീമഹാദേവ ക്ഷേത്രം. പുരസ്കാരങ്ങളുടെ പുറകേ പായാതെയുള്ള ജീവിതം. എങ്കിലും ജെ.സി. ഡാനിയല്‍ പുരസ്കാരവും കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡുമൊക്കെ ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വാതി തിരുനാള്‍ പുരസ്കാരം, പൂജ്യശ്രീ ഗുരുജി വിശ്വനാഥില്‍നിന്നും (ബാംഗ്ലൂര്‍) പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: