കഴിഞ്ഞ 30 വര്‍ഷമായി മലയാളിയുടെ സംഗീതരംഗത്തെ നിറസാന്നിധ്യമാണ് ഗായിക കെ.എസ്.ചിത്ര. 57-ാം ജന്മദിനം ആഘോഷിക്കുന്ന ചിത്രയ്‌ക്ക് ആരാധകകരുടെ ആശംസകളുടെ നിലയ്‌ക്കാത്ത ഒഴുക്കാണ്.. ഒരു കരടുമില്ലാത്ത വെണ്ണപോലെയുള്ള, ശ്രുതിശുദ്ധവും അഭൗമവും അലൗകികവും അപാര നിയന്ത്രണവുമുള്ള ശബ്ദത്തിന് ഇന്നും പതിനേഴിന്റെ തുടിപ്പാണ്. ശുദ്ധഹൃദയത്തില്‍ നിന്ന് ഒഴുകിപ്പരക്കുന്ന ചിരിപോലെ ഹൃദ്യമാണ് ആ സംഗീതവും. 1980 കളുടെ തുടക്കത്തില്‍ പുതുശബ്ദവുമായി വന്ന കെ.എസ്. ചിത്ര രാജ്യമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കി. മലയാളത്തിലെ ‘വനമ്പാടി’ യായും തമിഴകത്തെ ‘ചിന്നക്കുയിലു’മായും ചിത്രയെ ആരാധകര്‍ വരവേറ്റു.
എസ്.ജാനകി, പി.സുശീല, വാണി ജയറാം, പി.മാധുരി എന്നീ അന്യഭാഷാ ഗായികമാര്‍ മലയാള സിനിമയില്‍ അരങ്ങു വാഴുന്ന കാലത്താണ് മലയാളത്തിന്റെ സ്വന്തം ഗായിക, പിന്നണിഗാന രംഗത്തേക്ക് പ്രവേശിക്കുന്നത്. അന്യസംസ്ഥാനത്തു നിന്ന് ഇവിടെ വരുന്ന പൂക്കളായ പിച്ചി, ജമന്തി, ബെന്തി എന്നിവയ്‌ക്ക് കൂടുതല്‍ നിറവും സുഗന്ധം ഉണ്ടായിരിക്കാം. എന്നാല്‍ നമ്മുടെ മുറ്റത്തുവിരിഞ്ഞ പൂവിനോട് പ്രത്യേക വാത്സല്യം ഉണ്ടായിരിക്കും. നമ്മുടെ മുറ്റത്ത് വിരിഞ്ഞ മുല്ലയാണ് ചിത്ര.
ചിത്ര കൈക്കുഞ്ഞായിരിക്കുമ്പോള്‍ ആകാശവാണിയില്‍ ആദ്യമായി മൈക്രോഫോണിനു മുന്നില്‍ പാടിയത് അത്ഭുതമായിരുന്നു. സംഗീതജ്ഞന്‍ എം. ജി. രാധാകൃഷ്ണനാണ് ഈ ആദ്യാവസരം നല്‍കിയത്. 1982 ല്‍ പുറത്തിറങ്ങിയ ഞാന്‍ ഏകനാണ് എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പ്രണയവസന്തം തളിരണിയുമ്പോള്‍… എന്ന ഡ്യൂയറ്റും രജനീ പറയൂ… എന്ന സോളോയുമാണ് ആദ്യമായി സിനിമയില്‍ വരുന്നത്. സ്നേഹപൂര്‍വം മീര, നവംബറിന്റെ നഷ്ടം എന്നീ ചിത്രങ്ങളിലും എം.ജി.രാധാകൃഷ്ണന്‍ പാടിച്ചു. മണിച്ചിത്രത്താഴിലെ വരുവാനില്ലാരുമീ…, ഒരുമുറൈ വന്ത് പാര്‍ത്തായാ… എന്നിങ്ങനെ വന്‍ ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ നിന്നുമുണ്ടായി. ശോഭനയ്‌ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നതില്‍ ഈ ഗാനവും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. തുമ്പോളി കടപ്പുറം എന്ന ചിത്രത്തിലെ ഓളങ്ങളെ…, കാതില്‍ തേന്മഴയായ്… എന്നീ ഗാനങ്ങളിലൂടെ സലില്‍ ചൗധരിയുടെ ഗാനങ്ങള്‍ പാടി.
ആദ്യ ഹിറ്റ് ജെറി അമല്‍ദേവ് സംഗീതം ചെയ്ത മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി… എന്ന ഗാനമാണ്. രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ആദ്യമായി പാടിയത് കണ്ണോടു കണ്ണായ സ്വപ്നങ്ങള്‍…, ആണെങ്കിലും മഴ എന്ന ചിത്രത്തിലെ ‘വാര്‍മുകിലേ…’ എന്ന ഗാനമാണ് ചിത്രക്ക് ഏറ്റവും ഇഷ്ടപ്പെട്ട രവീന്ദ്രന്‍ ഗാനം. നീലക്കടമ്പിലെ കുടജാദ്രിയില്‍ കുടികൊള്ളും…, നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍…, രാജശില്‍പിയിലെ അറിവിന്‍നിലാവേ…, അമ്പിളിക്കല ചൂടും…, ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ…, വടക്കും നാഥനിലെ കളഭം തരാം… എന്നിങ്ങനെ നിരവധി ഹിറ്റുകള്‍ ഇവര്‍ സൃഷ്ടിച്ചു. മലയാളികള്‍ ഒരിക്കലും മറക്കാത്ത ശാലീന ഗാനങ്ങള്‍ ജോണ്‍സണ്‍ മാസ്റ്ററുടേതായുണ്ട്. തങ്കത്തോണി…, മൗന സരോവരമാകെ…, അറിയാതെ…., ശ്രീരാമ നാമം ജപ സാരസാഗരം…, പൊന്നമ്പിളി കാത്തുനിന്നു… എന്നീ ഗാനങ്ങളാണ് അവയില്‍ ചിലത്.
ലളിതസംഗീതത്തോടൊപ്പം ശാസ്ത്രീയ സംഗീതത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്നു എന്നത് ചിത്രയുടെ പ്രത്യേകതയാണ്. അലൈ പായുതേ…, ഹേ ഗോവിന്ദ, അളിവേണി, ഭാവയാമി, എന്നിങ്ങനെ നിരവധി ക്ലാസിക് ആല്‍ബങ്ങള്‍ ഹിറ്റുകളാണ്.
തെന്നിന്ത്യന്‍ സംഗീത രാജാവായ ഇളയരാജ ചിത്രയുടെ ശബ്ദം തിരിച്ചറിഞ്ഞതൊടെയാണ് ചിത്രയുടെ സംഗീത വിഹായസ്സിലേക്കുള്ള വാതില്‍ തുറക്കുന്നത്. തമിഴ് ചലച്ചിത്രമായ സിന്ധുഭൈരവി എന്ന ചിത്രത്തിലെ പാടറിയേ പടിപ്പറിയേ… എന്ന ഗാനത്തിലൂടെ 1986 ല്‍ ആദ്യത്തെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. അടുത്ത വര്‍ഷം തന്നെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ ബോംബെ രവി ചിട്ടപ്പെടുത്തിയ മഞ്ഞള്‍ പ്രസാദം… എന്ന ഗാനത്തിന് മറ്റൊരു ദേശീയ അവാര്‍ഡ് ലഭിച്ചു. ഒരു വര്‍ഷത്തിനുശേഷം വൈശാലി എന്ന ചിത്രത്തിലെ ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി… ഗാനം മറ്റൊരു ദേശീയ അവാര്‍ഡും നേടി.
മലയാളം, തമിഴ് എന്നിവ കൂടാതെ കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, തുളു കൂടാതെ മറ്റ് പല വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആര്‍ദ്രമായ മൃദുല വികാരങ്ങളും കടുകട്ടിയിലുള്ള സെമിക്ലാസിക് പാട്ടുകളും കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍… എന്ന ഗാനം പോലുള്ള ബ്രീത്ത് ലെസ് പാട്ടുകളും ചിത്രയുടെ കണ്ഠനാളത്തില്‍ ഭദ്രമാണ്.
മാധുര്യം നിറഞ്ഞതും ശാന്തവുമായ സ്വരം നിരവധി സംഗീത പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിച്ചു. നോക്കെത്താദൂരത്തു കണ്ണുംനട്ടു എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി…, നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ എന്നിവ ജനപ്രിയ ഗാനങ്ങളാണ്. കണ്ണൂര്‍ രാജന്റെ സംഗീതത്തിലുള്ള നാദങ്ങളായ് നീ വരു…, അധിപനിലെ ശ്യാമമേഘമെ നീ യദുകുല…, കാക്കോത്തിക്കാവിലേ അപ്പൂപ്പന്‍ താടിയിലെ കണ്ണാം തുമ്പി…, അഭിമന്യുവിലെ രാമായണക്കാറ്റേ… എന്നിവയാണ് പ്രശസ്തമായ മലയാളം ഹിറ്റുകളില്‍ ചിലത്. കമലദളത്തിലെ പ്രേമോദാരനായ്…, മഴയെത്തും മുന്‍പേയിലെ എന്തിനു വെറോരു സൂര്യോദയം…, കാലാപാനിയിലെ ചെമ്പൂവേ.., ദേവരാഗത്തിലെ ശശികല ചാര്‍ത്തിയ ദീപാവലയം…, ആകാശഗംഗയിലെ പുതുമഴയായി വന്നൂ.., തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ കറുത്ത പെണ്ണെ… എന്നിവ ശ്രദ്ധേയമാണ്..
ചേച്ചി ബീനയുടെ സംഗീതപാഠങ്ങള്‍ കേട്ടുവളര്‍ന്നതാണ് ചിത്രയുടെ ബാല്യം. മാവേലിക്കര പ്രഭാകരവര്‍മയുടെ ശിക്ഷണത്തിലാണ് തുടക്കമെങ്കിലും പ്രശസ്ത സംഗീതജ്ഞ ഓമനക്കുട്ടിയുടെ കീഴിലാണ് പിന്നീടുള്ള കാലം സംഗീതം അഭ്യസിച്ചത്. കേരള സര്‍വ്വകലാശാലയില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തു. അതൊടൊപ്പം അഞ്ചുവര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പും ലഭിച്ചു.
പതിനൊന്നു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നത് ചിത്രയുടെ പ്രതിഭാ ധന്യതയുടെ തെളിവാണ്. ആറ് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും, നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഇതുകൂടാതെ ആന്ധ്ര സര്‍ക്കാരിന്റെ ആറ് അവാര്‍ഡുകള്‍, കര്‍ണാടക സംസ്ഥാനത്തിന്റെ നാലെണ്ണം, തമിഴ്നാട്, ഒറീസ സര്‍ക്കാരുകളുടെ അവാര്‍ഡുകള്‍. ഇതിനെല്ലാം പുറമേ ഫിലിം ഫെയര്‍, സ്‌ക്രീന്‍ അവാര്‍ഡുകള്‍, പ്രമുഖ ടെലിവിഷന്‍ ചാനലുകളുടെയും സാമൂഹിക സംഘടനകളുടെയും അവാര്‍ഡുകള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡുകള്‍ ചിത്രയ്‌ക്കു ലഭിച്ചു. 2005 ല്‍ പത്മശ്രീ നല്‍കി രാഷ്‌ട്രം ചിത്രയെ ആദരിച്ചു. ചെന്നൈയിലെ സത്യഭാമ സര്‍വ്വകലാശാ 2011 ല്‍ ചിത്രയെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയുമുണ്ടായി. യേശുദാസൊഴികെ മറ്റാര്‍ക്കും മലയാളത്തില്‍നിന്ന് ഇത്രയധികം ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടില്ല. ലതാ മങ്കേഷ്‌കറിനു ശേഷം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പാടിയ ഇന്ത്യന്‍ ഗായിക എന്ന ബഹുമതിയില്‍ നില്‍ക്കുമ്പോഴും പുഞ്ചിരിയോടെ, വിനയത്തോടെ, കുലീനതയോടെ, ഗുരുത്വത്തോടെ പെരുമാറാനുള്ള കഴിവ്, അതിനുള്ള ഹൃദയവിശുദ്ധി എന്നിവ ലോകത്തുള്ള മുഴുന്‍ സംഗീത സ്നേഹികളുടെ ആരാധന പിടിച്ചുപറ്റുന്നു.
1997 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് ചിത്ര. 2009 ല്‍ നടന്ന കിംഗ്ഹായ് ഇന്റര്‍നാഷണല്‍ മ്യൂസിക് ആന്‍ഡ് വാട്ടര്‍ ഫെസ്റ്റിവലില്‍ ചൈന സര്‍ക്കാരില്‍ നിന്നും ബഹുമതി നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക ഗായികയാണ്. 2001 ല്‍ റോട്ടറി ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം അവാര്‍ഡിന് അര്‍ഹയായി. 2001 ല്‍ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ഓപ്പറ ഹൗസില്‍ നടന്ന (എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡ്) ഇന്റര്‍നാഷണല്‍ വ്യൂവേഴ്സ് ചോയ്സ് ലഭിച്ച ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക ഗായികയാണ് ചിത്ര.
2018 ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ന്യൂജേഴ്സിയിലെ ജനറല്‍ അസംബ്ലി സ്പീക്കര്‍ ക്രെയ്ഗ് കൊഗ്ലിന്‍ ആദരിച്ചു. 2019 ല്‍ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ 40 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഷാര്‍ജ എമിറേറ്റ്‌സിന്റെ യുഎഇയിലെ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗമായി ആദരിച്ചു. 2001 ല്‍ ലോക പ്രശസ്തമായ ലണ്ടണിലെ കച്ചേരി ഹാളില്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ച ഏക ദക്ഷിണേന്ത്യന്‍ ഗായികയാണ് ചിത്ര. ബോംബെ എന്ന സിനിമയിലെ, ബെസ്റ്റ് സെല്ലിംഗ് ലിസ്റ്റില്‍ വന്ന കണ്ണാളനെ… / കെഹ്നായ് ക്യാ… എന്ന എ.ആര്‍ റഹ്മാന്‍ ഗാനം ദി ഗാര്‍ഡിയന്റെ എല്ലാവരും മരിക്കുന്നതിനുമുമ്പ് കേള്‍ക്കേണ്ട 1000 ഗാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1993 ല്‍ ചിത്ര തന്റെ ആദ്യത്തെ ഹിന്ദി സ്റ്റുഡിയോ ആല്‍ബം വൂഡൂ റാപ്പറുമൊത്ത് രാഗ രാഗ റെക്കോര്‍ഡുചെയ്തു. ഉസ്താദ് സുല്‍ത്താന്‍ ഖാനുമായി ചേര്‍ന്ന് പിയ ബസന്തി (2000), സണ്‍സെറ്റ് പോയിന്റ് എന്നീ ആല്‍ബത്തിന് ഗോള്‍ഡന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഗുല്‍സാര്‍ രചിച്ച എട്ട് ഗാനങ്ങള്‍ സണ്‍സെറ്റ് പോയിന്റിലുണ്ടായിരുന്നു. 2006 ല്‍ എം. എസ്. സുബ്ബലക്ഷ്മിക്ക് സമര്‍പ്പിച്ച് മൈ ട്രിബ്യൂട്ട് എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കി. 2009 ല്‍ 80-ാം ജന്മദിനത്തില്‍ ലതാ മങ്കേഷ്‌കറിനുള്ള സംഗീത സ്മരണയായി നൈറ്റിംഗേല്‍: എ സല്യൂട്ട് ടു ലതാജി പുറത്തിറക്കി. കെ. ജെ. യേശുദാസ്, എം. ജയചന്ദ്രന്‍, ശരത്ത് എന്നിവര്‍ ചേര്‍ന്ന് നിരവധി മലയാള ആല്‍ബങ്ങളും ചിത്ര പ്രകാശനം ചെയ്തു. ലോക ഗസല്‍ രാജാവ് ഗുലാം അലി പാടാന്‍ ക്ഷണിച്ചത് ചിത്രയെ അത്ഭുതപ്പെടുത്തി.
57-ാം വയസ്സിലും കെ.എസ്. ചിത്രയുടെ നാദയൗവ്വനം തുടരുകയാണ്. വരനെ അവശ്യമുണ്ട് എന്ന സിനിമയ്‌ക്കായി രണ്ട് വ്യത്യസ്ത ഗാനങ്ങള്‍ പാടിയിരിക്കുന്നു…, അതിലൊന്ന് നേ വാ എന്‍ ആറുമുഖ എന്ന ഭജന്‍ ശൈയിലിയിലുള്ളതും മറ്റൊന്ന് മനോഹരവും കുസൃതി നിറഞ്ഞതുമായ ഗാനം കുട്ടിക്കുറുമ്പ… എന്നതും.
പാക്കിസ്ഥാനില്‍ നിന്ന് ചിത്രയെ ആകര്‍ഷിച്ച ഗായികയാണ് നാസിയ അമിന്‍ മുഹമ്മദ.് ചമയം എന്ന ചിത്രത്തില്‍ ജോണ്‍സണ്‍ മാഷ് ചെയ്ത രാജഹംസമേ എന്ന ഗാനത്തിന് സോഷ്യല്‍ മീഡിയ പോസ്റ്റിന് ഇതുവരെ 1.2 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ലഭിച്ചതെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ നാസിയ സത്യത്തില്‍ ഞെട്ടി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ചിത്ര സജീവമാണ്. സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന 60 വയസ്സു കഴിഞ്ഞ അവശകലാകാരന്മാര്‍ക്ക് അവരുടെ ജീവിതകാലം മുഴുവന്‍ ഒരു നിശ്ചിത പ്രതിമാസ ഓണറേറിയം നല്‍കാനാണ് മകളുടെ പേരിലുള്ള സ്നേഹനന്ദന ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
വിവിധ ഭാഷകളില്‍ 25,000 ത്തിലധികം ഗാനങ്ങളിലായി മലയാളത്തിന്റെ മെലഡി രാജ്ഞിയുടെ സംഗീത ചിത്രാംബരം എങ്ങും വ്യാപിച്ചു കിടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: