ശാസ്താംകോട്ട: പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരെ സിപിഐ കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ് പുതിയ പോര്‍മുഖം തുറന്നു. കീഴ്ഘടകത്തിന്റെ പ്രവൃത്തി സിപിഐയുടെ ജില്ലാനേതൃത്വത്തിന്റെ മൗനാനുവാദത്തോടെയെന്ന് സൂചന.
സിപിഐ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ആധികാരികമായി ഇട്ട പോസ്റ്റ് പിണറായിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അടച്ചാക്ഷേപിക്കുന്ന തരത്തിലാണ്. ഇന്ന് പാര്‍ട്ടി സംസ്ഥാനനേതൃത്വം വരെ ചര്‍ച്ച ചെയ്യുന്ന കുന്നത്തൂരെ സിപിഐ ഘടകത്തിന്റെ ഫെയ്സ് ബുക്ക് പേജ് ഉദ്ഘാടനം ചെയ്തത് ജൂലൈ നാലിന് മന്ത്രി പി. തിലോത്തമനാണ്. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ഷേക്സ്പിയര് നാടകത്തിലെ ‘ജൂലിയസ് സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം’ എന്ന വിശ്വവിഖ്യാത വാചകമാണ് പോസ്റ്റിന്റെ തലക്കെട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അഴിമതിയുടെ വിഹാരകേന്ദ്രമാണെന്നും ഇതില്‍ നിന്നും തലയൂരാന്‍ സംശുദ്ധരാഷ്ട്രീയത്തിന്റെ മേനി ചമഞ്ഞ് നടക്കുന്ന മുഖ്യമന്ത്രിക്കാകില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റ് ഓര്‍മിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നു വരുന്ന അഴിമതിയിലും സ്വജനപക്ഷപാതത്തിലും സിപിഐയുടെ വിയോജിപ്പ് പല വേദികളിലും നേതാക്കള്‍ തുറന്നുപറഞ്ഞിട്ടുള്ളതാണ്. എല്‍ഡിഎഫ് സംവിധാനത്തില്‍ വലിയേട്ടന് ചമയുന്ന സിപിഎം സ്വര്‍ണ കള്ളക്കടത്ത് വിവാദത്തോടെ മുന്നണിയുടെ പ്രതിച്ഛായയാണ് തകര്‍ത്തിരിക്കുന്നതെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ് സംബന്ധിച്ച് നല്കിയ വിശദീകരണത്തില്‍ സിപിഐയുടെ ഒരു ജില്ലാഭാരവാഹി വ്യക്തമാക്കി.
പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലുള്ള നിലപാടാണ് ഇതെന്നും പേര് വെളിപ്പെടുത്താല്‍ താല്പര്യമില്ലാത്ത അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസും ശിവശങ്കര്‍ സ്വപ്നവിവാദവും ഇടതുപക്ഷത്തിന് വലിയ ക്ഷീണമാണ് വരുത്തിയിട്ടുള്ളതെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത് മുന്നണിക്ക് വലിയദോഷം ചെയ്യും. സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഐക്കും മുന്നണി സംവിധാനം നിലനില്‍ക്കുന്നതിനാല്‍ ഈ ആക്ഷേപങ്ങള്‍ ദോഷമായി ബാധിക്കും. മുമ്പ് അഴിമതിയാരോപണം വന്നപ്പോള്‍ തന്നെ രാജിവച്ച് അന്വേഷണത്തെ നേരിട്ട മന്ത്രിമാരായ എം.എന്‍. ഗോവിന്ദന് നായരും ടി.വി. തോമസും നേതൃത്വം നല്കിയ പാര്‍ട്ടി പാരമ്പര്യമാണ് സിപിഐക്ക് ഉള്ളതെന്നും നേതൃത്വം വ്യക്തമാക്കി.
സിപിഐയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് സിപിഎം നേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക ഫെയ്സ് ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയോട് ആവശ്യ പ്പെടണമെന്ന് സിപിഎം ജില്ലാ നേതൃത്വം സിപിഐ നേതൃത്വത്തോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഐ ജില്ലാ നേതൃത്വം മൗനം പാലിക്കുകയും ഒപ്പം ഫെയ്സ്ബുക്ക് പോസ്റ്റിനെ ന്യായീകരിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: