ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കറുപ്പര്‍ കൂട്ടത്തിന്റെ ഒത്താശയോടെ വേല്‍മുരുകനെ അപമാനിക്കാന്‍ നേതൃത്വം നല്കിയ ന്യൂസ് 18 തമിഴ് ചാനലിലെ എഡിറ്റര്‍ രാജിവെച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ചാനലിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് എഡിറ്ററായ എം ഗുണശേഖരന് രാജിവെച്ചത്.
ഇയാളുടെ രാജി മാനേജ്മെന്റ് എഴുതി വാങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേല്‍മുരുകനെ അവഹേളിച്ച യുക്തിവാദ സംഘമായ കറുപ്പര്‍ കൂട്ടത്തിനെതിരേ തമിഴ്നാട്ടിലെങ്ങും പ്രതിഷേധം അലയടിച്ചിരുന്നു. എന്നാല്‍, കറുപ്പര്‍ കൂട്ടത്തിന് പിന്തുണ നല്കുന്ന സമീപനമാണ് ന്യൂസ് 18 സ്വീകരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ ഹൈന്ദവര്‍ ഒന്നടങ്കം ചാനലിനെതിരെ രംഗത്തുവരുകയും ബഹിഷ്കരണത്തിന് അഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ചാനലിന് പരസ്യം നല്കിയ പ്രമുഖ കമ്പനികള്‍ അടക്കം പ്രതിഷേധം ഭയന്ന് പിന്മാറിയിരുന്നു. ഇതോടെ ചാനലില്‍ സാമ്പത്തിക പ്രതിസന്ധിയും ഉടലെടുത്തിരുന്നു. ന്യൂസ് 18 തമിഴ്നാട് ബാര്‍ക്ക് റേറ്റിങ്ങില്‍ അഞ്ചാംസ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് എഡിറ്റര്‍ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായത്.
ഡല്‍ഹിയില്‍ ന്യൂസ് 18 മാനേജ്മെന്റിന് ഗുണശേഖരനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഹൈന്ദവസംഘടനകള്‍ പരാതി നല്‍കിയിരുന്നു. എഡിറ്ററും ചാനലിലെ ചില മാധ്യമപ്രവര്‍ത്തകരും പ്രത്യക്ഷമായും പരോക്ഷമായും ദ്രാവിഡ കഴകത്തിനും ഡിഎംകെയ്ക്കും പിന്തുണ നല്‍കുന്നുവെന്നും തങ്ങളുടെ ആരാധനമൂര്‍ത്തികളെ അപമാനിക്കുകയാണെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.
തമിഴ്നാട്ടിലെ ഹൈന്ദവവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ അപ്പോസ്തലന് രാമസ്വാമി നായ്ക്കര്‍ അഥവാ പെരിയോരുടെ അനുയായികളാണ് കറുപ്പര്‍ കൂട്ടം. വേല്‍മുരുകനെ സ്തുതിച്ചുള്ള സ്കന്ദ ഷഷ്ഠി കവച കീര്‍ത്തനത്തെ പരിഹസിച്ചാണ് തീവ്ര യുക്തിവാദി സംഘടനയായ കറുപ്പര്‍ കൂട്ടം വീഡിയോ പുറത്തിറക്കിയത്. ഇതേത്തുടര്‍ന്ന് തമിഴ് ഹൈന്ദവ ജനത ഒറ്റക്കെട്ടായി രംഗത്തുവന്നു.
കറുപ്പര്‍ കൂട്ടം യൂട്യൂബ് ചാനലിന്റെ ചെന്നൈ ഓഫീസ് പോലീസ് പൂട്ടി. സാക്ഷാല്‍ ശ്രീ മുരുകന് ശൂരപദ്മാസുരനെ നിഗ്രഹിച്ച സ്കന്ദഷഷ്ടി നാളില്‍ തന്നെയാണ് അവഹേളന വീഡിയോ കറുപ്പര്‍ കൂട്ടം പുറത്തിറക്കിയത്.വേലെടുത്ത മുരുകന് ശൂരപദ്മാസുരനെ രണ്ടു കഷ്ണമാക്കി ഒരു കഷ്ണം സഞ്ചരിക്കാനുള്ള മയിലാക്കി മാറ്റി, മറ്റേ കഷ്ണം കോഴിയാക്കി സ്വന്തം കൊടിയില്‍ തൂക്കിയെന്നാണ് ഐതിഹ്യം. ഹൈന്ദവ ദേവതാ സങ്കല്പങ്ങള്ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളുടെ ഭാഗമാണ് കറുപ്പര്‍ കൂട്ടത്തിന്റെ നടപടിയെന്ന് ബിജെപി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: