തൃശൂര്‍: കൊറോണ വൈറസ് വ്യാപനം കൂടിയ സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങളുമായി വാട്സാപ്പ് കൂട്ടായ്മ രംഗത്ത്. തൃശൂര്‍ ടൗണ്‍ പോലീസ് ബുള്ളറ്റ് പട്രോളിങ് വനിതാ സംഘവുമായി സഹകരിച്ച് നന്മ മലയാളം വാട്സാപ്പ് കൂട്ടായ്മയാണ് പുസ്തകങ്ങള്‍ നല്‍കുന്നത്.
‘സ്നേഹപൂര്‍വം എന്റെ പുസ്തകം’ എന്ന സന്ദേശവുമായി ഗ്രൂപ്പിലെ അംഗങ്ങളില്‍ നിന്നും മറ്റുമായി ശേഖരിച്ച പുസ്തകങ്ങള്‍ കൈമാറി. പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം തൃശൂര്‍ വനിത പോലീസ് സ്റ്റേഷനില്‍ നടന്നു. വനിതാ സ്റ്റേഷന് പ്രിന്‍സിപ്പല്‍ എസ്ഐ. പി.വി. സിന്ധുവിന് നന്മ മലയാളം കൂട്ടായ്മ പ്രതിനിധി ജി.ബി. കിരണ്‍ പുസ്തകങ്ങള്‍ കൈമാറി. പുസ്തകങ്ങള്‍ക്കൊപ്പം പോലീസിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ മുതലായവയും കൂട്ടായ്മ വഴി നല്‍കും.
നിരീക്ഷണത്തില്‍ കഴിയുന്നവരെ ദിവസേന വീടുകളില്‍ സന്ദര്‍ശിക്കുന്ന വനിത പോലീസ് സംഘം പുസ്തക വിതരണം നടത്തുമെന്ന് ഗ്രൂപ്പംഗം കൂടിയായ സിപിഒ. അപര്‍ണ ലവകുമാര് പറഞ്ഞു. ആദ്യഘട്ടമായി 136 പുസ്തകളാണ് നല്‍കിയത്. തുടര്‍ന്ന് വായനക്കാരുടെ താല്പര്യം കൂടി ഗ്രൂപ്പില്‍ പങ്കുവെച്ചശേഷം പുസ്തകങ്ങള്‍ ശേഖരിക്കാനാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: