വെഞ്ഞാറമൂട്: കൊറോണ വ്യാപനം ഗ്രാമസഭകളെ വിഴുങ്ങിയപ്പോള്‍ നേട്ടം കൊയ്യുന്നത് പാര്ട്ടിക്കാര്. ജനക്ഷേമ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനാകാതെ പഞ്ചായത്തുകള്‍. ലൈഫ് മിഷന് പദ്ധതിക്ക് അര്‍ഹരായവര്‍ക്ക് ബന്ധപ്പെട്ട രേഖകളുമായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാമെങ്കിലും വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ മുഖേന അപേക്ഷ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇത് തങ്ങളുടെ പാര്‍ട്ടി അനുഭാവികള്‍ക്ക് വേണ്ടത്ര പ്രയോജനപ്പെടുത്താനാണ് ഭരണകക്ഷിപാര്ട്ടിയിലുള്ള വാര്‍ഡ് മെമ്പര്‍മാര്‍ ശ്രമിക്കുന്നത്. കണ്ടെയിന്മെന്റ് സോണുകളിലെയും മറ്റു മലയോര മേഖലയിലെയും കോളനികളില്‍ താമസിക്കുന്നവരുടെയും അടുത്ത് ഈ അപേക്ഷകള്‍ എത്തുന്നില്ല. അവരെ അറിയിക്കുകയോ അപേക്ഷ കൊടുക്കുകയോ ബന്ധപ്പെട്ടവര്‍ ചെയ്യുന്നില്ല.
വയോജനങ്ങള്‍ക്ക് കട്ടില്, പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണ വിതരണം, ശുചിമുറി, കിണര്‍, പച്ചക്കറി കൃഷി, മത്സ്യം വളര്‍ത്തല്‍ തുടങ്ങി വിവിധയിനം വ്യക്തിഗത ആനുകൂല്യ വിതരണത്തെയാണ് കൊറോണ ബാധിച്ചതും. ബന്ധപ്പെട്ടവര്‍ വിഴുങ്ങിയതും.
ട്രഷറി നിയന്ത്രണം കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷവും പദ്ധതി നടത്തിപ്പ് അവതാളത്തില്‍ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ അതിലെ പോരായ്മകള്‍ നികത്തുമെന്നു വിചാരിച്ചിരിക്കെയാണ് കൊറോണ അവതരിച്ചത്. ലോക്ഡൗണും കണ്ടെയിന്മെന്റ് സോണുകളും എല്ലാംകൂടി പദ്ധതികളെ താറുമാറാക്കി.
ഗ്രാമസഭകള്‍ നടക്കാത്ത സാഹചര്യത്തില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്താന്‍ കഴിയില്ല. ഈ സാഹചര്യം മുതലെടുക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി അനുഭാവികള്‍ക്കും ബന്ധുക്കള്‍ക്കുമായി ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഈ സാഹചര്യത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍, ഗ്രാമസേവകരുടെയും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെയും സഹായത്തോടെ ഗുണഭോക്ത പട്ടിക തയാറാക്കണമെന്നും ഇക്കാര്യത്തില്‍സര്‍ക്കാര്‍ നിര്ദേശമുണ്ടാവണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
രജിത വെഞ്ഞാറമൂട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: