പേട്ട: നഗരസഭ നടത്തിയ ആമയിഴഞ്ചാന്‍ തോടിന്റെ വൃത്തിയാക്കല്‍ പാറ്റൂരില്‍ നിര്‍ധന കുടുംബത്തെ പെരുവഴിയിലാക്കി. തോട്ട് വരമ്പത്ത് കുടിലില്‍ കഴിഞ്ഞിരുന്ന ലളിതകുമാരിയാണ് താന്‍ താമസിച്ചിരുന്ന കുടില്‍ തകര്‍ന്നതോടെ പെരുവഴിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ലളിതകുമാരിയുടെ വീട് ഇടിഞ്ഞ് തോട്ടിലേക്ക് വീണത്. ഈ സമയം മുറിക്കുള്ളില്‍ ലളിതയും സഹോദരന്റെ ഭാര്യ രത്നമ്മയും ഉറങ്ങുകയായിരുന്നു. ഭീകര ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ വീടിന്റെ ഒരുഭാഗം തോട്ടിലേക്ക് ഇടിഞ്ഞു വീഴുന്ന കാഴ്ചയായിരുന്നുവെന്ന് ലളിത പറഞ്ഞു. കക്കൂസും അടുക്കളയും പൂര്‍ണമായും തകര്‍ന്നു. അടുക്കളയിലിരുന്ന പാത്രങ്ങള്‍, എക്സോസ്റ്റ് ഫാന്‍ തുടങ്ങി വീട്ടുപകരണങ്ങളും തകര്‍ന്നു. പലതും തോട്ടില്‍ ഒഴുകി പോയി. തോട്ടില്‍ ചപ്പുചവറുകളങ്ങുന്ന മാലിന്യം നീക്കം ചെയ്യുന്നതിന്റെ പേരില്‍ മണലൂറ്റ് നടത്തിയതാണ് തകര്‍ച്ചയ്ക്ക് കാരണമായത്.
കഴിഞ്ഞ 22 ന് രാവിലെയോടെയാണ് ഇവിടെ വൃത്തിയാക്കലിനായി ജെസിബി കൊണ്ടുവന്നത്. തുടര്‍ന്ന് ഇവരുടെ കുടിലിരുന്ന ഭാഗത്ത് നിന്നു മാത്രം മുപ്പതോളം ലോഡ് മണല്‍ തോട്ടില്‍ നിന്നുവാരി കടത്തുകയാണുണ്ടായത്. മണലെടുപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ കരാറുകാരെ തടഞ്ഞെങ്കിലും കൗണ്‍സിലറെത്തി എന്തെങ്കിലും സംഭവിച്ചാല്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയാണുണ്ടായത്. മണലെടുപ്പ് തുടര്‍ന്നതോടെ വീടിന്റെ ചുവരില്‍ വിള്ളല്‍ വീണു. ഇത് കരാറുകാരെ കാണിച്ചെങ്കിലും കൗണ്‍സിലറുടെ വാക്ക് കരാറുകാരും ആവര്‍ത്തിക്കുകയാണുണ്ടായത്. മണലെടുപ്പ് കഴിഞ്ഞ് കരാറുകാര്‍ പോയി ദിവസങ്ങള്‍ പിന്നിട്ടിട്ടും ചുവരിലുണ്ടായ വിള്ളല്‍ പരിഹരിക്കാന്‍ ആരുമെത്തിയില്ല. ഇതോടെ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വീട് തകര്‍ന്നുവീഴുകയാണുണ്ടായത്. വീട് തകര്‍ന്നിട്ടും വിവരമന്വേഷിക്കാന്‍ അധികൃതര്‍ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: