മേല്‍പറമ്പ: ഇന്ത്യയിലെ അങ്കണ്‍വാടികള്‍ ഇല്ലാത്ത പഞ്ചായത്ത് വാര്‍ഡുകളില്‍ ഒന്നായി ചെമ്മനാട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മാറിയിരിക്കുകയാണ്. പത്ത് വര്‍ഷത്തോളമായി ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടുമാരെ വിജയിപ്പിച്ചയച്ച് വരുന്ന പതിമൂന്നാം വാര്‍ഡില്‍ അങ്കണ്‍വാടികള്‍ ഇല്ലെന്നത് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതിക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച വിവരാവകാശം വഴിയാണ് വര്‍ഷങ്ങളായി പതിമൂന്നാം വാര്‍ഡിലെ ജനങ്ങളെ ഇത്തരത്തില്‍ അവഗണിച്ച ഈ ഞെട്ടിക്കുന്ന വിവരം അറിയാനിടയായത്. ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 49 അങ്കണ്‍വാടികള്‍ ജനസംഖ്യാനുപാതത്തിലുണ്ട്. ഏറ്റവും കൂടുതല്‍ അങ്കണ്‍വാടികള്‍ ഉള്ളത് വാര്‍ഡ് 4, 9, 10, 15 എന്നിവിടങ്ങളില്‍ 4 വീതം. തീരദേശവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വാര്‍ഡ് 20ല്‍ ആകെ ഒരു അങ്കണ്‍വാടി മാത്രമാണ് ഉള്ളത്. വാര്‍ഡ് 1, 3, 11, 14, 23 എന്നിവിടങ്ങളിലും ഓരോ അങ്കണ്‍വാടികളാണ് നിലവിലുള്ളത്. പൊയിനാച്ചി ഭാഗത്തെ 9, 10 വാര്‍ഡുകളിലും, വാര്‍ഡ് 4ലും വാര്‍ഡ് 15ലും നാല് അങ്കണ്‍വാടികള്‍ നിലവിലുണ്ട്.
10 വര്‍ഷക്കാലമായി വാര്‍ഡ് 13ല്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമലങ്കരിച്ചിട്ടും സ്വന്തം വാര്‍ഡില്‍ ഒരു അങ്കണ്‍വാടി പോലും സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കാതിരുന്നത് പതിമൂന്നാം വാര്‍ഡിലെ വികസന മുരടിപ്പിന്റെ ഉത്തമ ഉദാഹരണമാണ്. ഭരണകര്‍ത്താക്കളെ ജനങ്ങള്‍ വിശ്വാസത്തോടെ വിജയിപ്പിച്ചയക്കുന്നത് വാര്‍ഡുകളില്‍ ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന പ്രത്യാശയിലാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് വിജയിച്ചു കഴിഞ്ഞാല്‍ ഇത്തരം നേതാക്കള്‍ക്ക് സ്വന്തം വാര്‍ഡിലെ കാര്യത്തില്‍ പോലും ദീര്‍ഘവീക്ഷണം ഇല്ലെന്നുള്ളതാണ്.
സാമൂഹ്യനീതി വകുപ്പ് വനിതാശിശു ക്ഷേമപദ്ധതിയുടെ ഭാഗമായാണ് അങ്കണ്‍വാടികള്‍ പ്രവര്‍ത്തിക്കുന്നത്. 1000 ജനസംഖ്യയ്‌ക്ക് ഒരു അങ്കണ്‍വാടി എന്ന രീതിയിലാണ് അനുവദിക്കപ്പെടേണ്ടത്. പതിമൂന്നാം വാര്‍ഡില്‍ അങ്കണ്‍വാടിയില്ലാത്തത് കാരണം കുട്ടികളെ അയക്കാന്‍ പ്രാപ്തിയുളള ചില രക്ഷിതാക്കള്‍ തൊട്ടടുത്ത വാര്‍ഡുകളിലെ അങ്കണ്‍വാടികളിലേക്ക് കുട്ടികളെ സ്വന്തം വാഹനത്തില്‍ കയറ്റി അയക്കേണ്ട ഗതികേടിലാണ്. തീരെ പ്രാപ്തിയില്ലാത്ത മറ്റുള്ളവരുടെ കുട്ടികള്‍ അങ്കണ്‍വാടികളില്‍ പഠനത്തിന് പോകാതെ 5 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നേരെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പോവുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡിലും അതോടൊപ്പം തീരദേശ മേഖലയിലെ ഇരുപതാം വാര്‍ഡിലും അടിയന്തിരമായി പുതിയ അങ്കണ്‍വാടികള്‍ അനുവദിക്കാനും മറ്റ് വാര്‍ഡുകളില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ കൂടുതല്‍ അങ്കണ്‍വാടികള്‍ അനുവദിക്കാനും ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനങ്ങള്‍ തയ്യാറാക്കി വരികയാണെന്ന് ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി ഭാരാവാഹികളായ സൈഫുദ്ദീന്‍ കെ.മാക്കോടും, ഗണേശന്‍ അരമംങ്ങാനവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: