കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് വ്യാപാരത്തിനും ജോലിക്കുമായി പോകുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി യാത്രാനുമതി നല്‍കണമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷനും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ. ശ്രീകാന്ത് കേരള സര്‍ക്കാറിനോടും കാസര്‍കോട് ജില്ലാ ഭരണകൂടത്തിനോടും ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് 3 മാര്‍ഗ നിര്‍ദേശ പ്രകാരം അന്തര്‍സംസ്ഥാന യാത്രാനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ അതിനു വിരുദ്ധമായി കാസര്‍കോട് ജില്ലയില്‍ അന്തര്‍ സംസ്ഥാന യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ദിവസങ്ങളോളം ഉള്ള വീടുകളില്‍ നിരീക്ഷണം നിര്‍ബന്ധമാക്കുകയും ചെയ്യുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം ജില്ലയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചികിത്സ രംഗത്ത് ഏറെ പിന്നാക്കം ഉള്ള കാസര്‍കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ക്ക് യാത്രാനുമതി ഇല്ലാത്തത് കൊണ്ട് നിരവധി ഡോക്ടര്‍മാര്‍ കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ശ്രീകാന്ത് പറഞ്ഞു. രോഗികള്‍ വലയുകയാണ്. ബാങ്ക് ഉള്‍പ്പെടെയുള്ള പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ആള്ക്കാര് ജോലിക്ക് പോകാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്നുണ്ട്. അവരുടെ കുടുംബങ്ങള്‍ ദുരിതത്തിലാണ്. പലര്‍ക്കും ജോലി നഷ്ടപ്പെടുമെന്നുള്ള സ്ഥിതിയാണുള്ളത്. പച്ചക്കറി വണ്ടികള്‍ക്ക് അനാവശ്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
കര്‍ണാടകയിലേക്കുള്ള യാത്ര പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിട്ടും കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം തടയാനായിട്ടില്ലെന്നുള്ള യാഥാര്‍ത്ഥ്യം പിണറായി സര്‍ക്കാര്‍ തിരിച്ചറിയണം.
അശാസ്ത്രീയവും അപ്രായോഗികവുമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനു പകരം പ്രായോഗിക സമീപനമാണ് കോവിഡ് പ്രതിരോധത്തിന് വേണ്ടതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. അന്തര്‍സംസ്ഥാന യാത്ര അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും ശ്രീകാന്ത് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: