കട്ടപ്പന: ഹൈറേഞ്ചിലെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന തൂവലിലേക്ക് എത്തുന്ന കല്ലാർമുക്ക്- തൂവൽ അരുവി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ ഇരുവശവും കാടുകയറി ഇപ്പോൾ കാൽനട യാത്രപോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കാടു വെട്ടിത്തെളിക്കുവാൻ അധികൃതർ തയാറായില്ല എന്ന് പ്രദേശവാസികൾ ആരോപിച്ചു.
തൂവൽ കല്ലാർമുക്ക് മേഖലകളിൽ ജനവാസം തുടങ്ങിയിട്ട് കുടിയേറ്റ കാലത്തോളമായി. എന്നാൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇവിടുള്ള ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. കല്ലാർമുക്ക് തൂവൽ അരുവി ഭാഗത്തുള്ളവർ മഴ പെയ്തു ചിന്നാർ പുഴ ജല സമൃദ്ധമായാൽ പുറം ലോകത്തേക്ക് എത്തുവാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ഏതാനും വർഷങ്ങാൾക്ക് മുൻപ് കല്ലാർ മുക്കിൽ പാലം നിർമിച്ചതോടെ ഇതിനൊരാശ്വാസമായെങ്കിലും റോഡിലൂടെ യാത്ര ചെയ്യുവാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
കലുങ്കുകൾ നിർമിച്ച സ്ഥലങ്ങളിൽ അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ ഏതാനും മാസങ്ങളായി ഇതുവഴി വാഹങ്ങൾ കടന്നുപോകുന്നില്ല. ഇതിനാൽ തന്നെ വഴിയിൽ കാട് വളർന്നു കാൽനട യാത്രപോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്. വർഷങ്ങാൾക്ക് മുൻപ് തൊഴിലുറപ്പിൽ പെടുത്തിയാണ് റോഡ് നവീകരിച്ചത്. പിന്നീട് വർഷാവർഷം തൊഴിലുറപ്പിൽപെടുത്തി റോഡിലെ കാടുകൾ വെട്ടി തെളിച്ചിരുന്നു . ഈ വർഷം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കാടുവെട്ടിത്തെളിക്കുവാൻ അധികൃതർ തയാറായില്ല എന്ന് പ്രദേശവാസികൾ ആരോപിച്ചു. അടിയതിരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: