കൊല്ലം: കൊല്ലത്തെ പ്രമുഖ സഹകരണ ആശുപത്രിയായ എന്‍എസ് സഹകരണ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിലെ സ്റ്റാഫുകളും ഇവിടെ ചികിത്സ തേടിയെത്തിയവരും ആശങ്കയിലായി. ഇന്‍ടി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചു രണ്ടുദിവസം കഴിഞ്ഞിട്ടും ആശുപത്രിയിലെ മറ്റു സ്റ്റാഫുകളെ പരിശോധന നടത്താനോ ക്വാറന്റൈയിനില്‍ പോകാനോ ആവശ്യപ്പെട്ടിട്ടില്ല. ഡോക്ടര്‍ക്ക് ഒപ്പം ജോലി ചെയ്യുന്ന പ്രാഥമിക സമ്പര്‍ക്കത്തിലുള്ള സ്റ്റാഫുകളോടു വീടുകളില്‍ തുടരാന്‍ ആശുപത്രി അധികൃതര്‍ ഇന്നലെ ആവശ്യപ്പെട്ടതായി പറയുന്നു. ഇവരുടെ പരിശോധന പോലും ഇതുവരെ നടന്നിട്ടില്ല. വളരെ തിരക്കേറിയ ഈ ആശുപത്രിയില്‍ ദിനവും നൂറുകണക്കിന് രോഗികളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടിക പുറത്തിറക്കാനോ റൂട്ടുമാപ്പ് പ്രസിദ്ധീകരിക്കാനോ ആരോഗ്യവകുപ്പ് അധികൃതരും ആശുപത്രി അധികൃതരും ഇതുവരെ തയ്യാറായിട്ടില്ല.
ജില്ലയിലെ മറ്റ് ആശുപത്രികളില്‍ കോവിഡ് സ്ഥിരീകരിച്ചുകൊണ്ട് രോഗികള്‍ എത്തിയപ്പോള്‍ പോലും അടച്ചുപൂട്ടി പൂര്‍ണ ശുചീകരണം നടത്തിയശേഷം ഏഴുദിവസം കഴിഞ്ഞാണ് തുറന്നത്. ഒപി വിഭാഗത്തില്‍ നൂറുകണക്കിന് രോഗികളെ പരിശോധിച്ച ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും മൂടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദിനവും നൂറുകണക്കിന് രോഗികള്‍ ഒപിയില്‍ വരുന്ന സ്ഥലമാണിത്. കൂടാതെ കിടപ്പ് രോഗികളും ഉണ്ട്. ജനങ്ങളെ ഭീതിയില്‍ ആകാതെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: