കൊല്ലം: വിഎസ് സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റിയ താല്‍ക്കാലിക ജീവനക്കാരെയെല്ലാം സ്ഥിരപ്പെടുത്തുന്നത് ഊര്‍ജിതമാക്കി പിണറായി സര്‍ക്കാര്‍. തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റി(കിലെ)ല്‍ സിപിഎമ്മുകാരായ രണ്ടു പേരെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേറ്റ് ലേബ്രറി കൗണ്‍സിലിന്റെ ഓഫീസുകളില്‍ 47 പേരെ സ്ഥിരപ്പെടുത്തിയുള്ള ഉത്തരവ് പുറത്തുവന്നത്.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ, താലൂക്ക് ലൈബ്രറി കൗണ്‍സിലുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട് തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ 47 പേരെ പ്രത്യേക കേസായി പരിഗണിച്ചാണ് സ്ഥിരപ്പെടുത്തിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ജൂലൈ 20നാണ് ഉത്തരവിറക്കിയത്. ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനത്ത് 13 പേര്‍ക്കാണ് നിയമനം. പത്ത് എല്‍ഡി ക്ലര്‍ക്കുമാരും രണ്ട് ടൈപ്പിസ്റ്റും ഡ്രൈവറും ഉള്‍പ്പെടെയാണിത്.
മുന്‍കാല പ്രാബല്യമില്ലാതെ റഗുലറൈസ് ചെയ്താണ് നിയമനം. കൂടാതെ ജില്ലാ-താലൂക്ക് ലൈബ്രറി കൗണ്‍സിലുകളില്‍ 24 എല്‍ഡിസിമാരെയും ഏഴ് പ്യൂണ്‍മാരെയും റഗുലറൈസ് ചെയ്തു. ഇത്തരത്തില്‍ നിയമിക്കപ്പെട്ടവരില്‍ ജനന വര്‍ഷം 1963, 1966, 1971, 1973, 1977 ഉള്ളവരും ഉള്‍പ്പെടുന്നു. ഇവരെല്ലാം താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത് 2007-2011 കാലയളവിലാണ്.
മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെയാണ് കിലെയില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ സ്ഥിരപ്പെടുത്തിയത്. കൂടാതെ സ്റ്റെനോ ടൈപ്പിസ്റ്റായും പാര്‍ട്ടിവിധേയയെ നിയമിച്ചു. ജൂലൈ ആദ്യ വാരമാണ് ഇക്കാര്യം പുറത്തുവന്നത്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് സ്ഥാപനത്തില്‍ കയറിപ്പറ്റിയ ഇവര്‍ 10 വര്‍ഷമായി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഇതേ ഓഫീസില്‍ ഇത്തരത്തില്‍ നിയമനം കാത്ത് നാലുപേര്‍ കൂടിയുണ്ടെന്നാണ് സൂചന.
നിയമനം നല്‍കിയ രണ്ടുപേരെയും വിഎസിന്റെ കാലത്ത് 2011ല്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മറ്റൊരു ഉത്തരവ് പ്രകാരം തികച്ചും വ്യത്യസ്തമായ തസ്തികയില്‍ സ്ഥിരപ്പെടുത്തിയിരുന്നു. ആ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനാല്‍ ഇരുവരെയും പുറത്താക്കി. ഫിഷറീസ് മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലില്‍ ഇവരെയാണ് വീണ്ടും മറ്റൊരു തസ്തികയില്‍ സ്ഥിരപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: