തിരുവനന്തപുരം: അയ്യപ്പഭക്തരുടെ പേരു പറഞ്ഞ് പിണറായി സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിനു പിന്നില്‍ കോടിക്കണക്കിനു രൂപയുടെ കച്ചവടതാല്‍പ്പര്യം. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ ഹാരിസണ്‍ പ്ലാന്റേഷനില്‍ നിന്ന് സ്വന്തമാക്കിയ സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമവിധിയുണ്ടാകുന്നതിന് മുമ്പ് തന്നെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന് കോടതിയില്‍ സര്‍ക്കാര്‍ കെട്ടിവയ്ക്കേണ്ട തുകയിലും ധാരണയായി. 570 കോടി രൂപയാണ് ഭൂമി വില കണക്കാക്കുന്നത്.
ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്കു തന്നെയെന്ന് വിധി വന്നാല്‍ പോലും കേരള ലാന്‍ഡ് റിഫോര്‍മ്സ് ആക്ട് പ്രകാരം മാത്രമേ വില നിശ്ചയിക്കാനാവൂ. സ്വകാര്യ വ്യക്തിക്കു കൈവശം വയ്ക്കാവുന്ന ഭൂപരിധിയായ 15 ഏക്കര്‍ കഴിഞ്ഞുള്ള വസ്തുവിന് മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രകാരം തുച്ഛമായ വില മാത്രമേ നല്‍കേണ്ടതുള്ളൂ. തോട്ടഭൂമിക്ക് ലഭിക്കുന്ന ഇളവുകള്‍ പ്രകാരം ഭൂമി കൈവശം വയ്ക്കുമ്പോള്‍ ആ ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാനാവൂ. സര്‍ക്കാര്‍ മറ്റാവശ്യത്തിന് തോട്ടഭൂമി ഏറ്റെടുക്കുന്നതോടെ സീലിങ് പരിധി കഴിഞ്ഞുള്ള ഭൂമി മിച്ചഭൂമിയായി മാറും. നിയമത്തില്‍ പറയുന്ന നഷ്ടപരിഹാരം മാത്രം നല്കിയാല് മതി.
എന്നാല്‍ സര്‍ക്കാര്‍ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരമാണ് വസ്തുവില കെട്ടിവയ്ക്കാനൊരുങ്ങുന്നത്. ഇത് സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുമ്പോഴാണ് ബാധകം. ആക്ടിലെ റൂള്‍സ് 18 (4), 18(5), 18 (6) പ്രകാരം സ്വകാര്യവ്യക്തിയുടെ ഭൂമി തര്‍ക്കഭൂമിയാണെങ്കില്‍ കോടതിയില്‍ ഭൂമി വില മുന്‍കൂര്‍ കെട്ടിവയ്ക്കണമെന്നുപോലുമില്ല. ഭൂമി ഏറ്റെടുക്കുമ്പോള്‍ റവന്യുരേഖയില്‍ തര്‍ക്കഭൂമിയാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രം മതി. ഉടമസ്ഥാവകാശത്തില്‍ തീരുമാനമായതിനുശേഷം തുക ഉടമയ്ക്ക് നല്കിയാലും മതിയാകും. ഇവിടെ ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയെന്നു സര്‍ക്കാര്‍ വാദിക്കുമ്പോള്‍ തന്നെയാണ് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടിപ്രകാരം തുക കെട്ടിവയ്ക്കാനൊരുങ്ങുന്നത്.
എന്നാല്‍ സര്‍ക്കാര്‍ കെട്ടിവയ്ക്കേണ്ട വില നിയമാനുസൃത നടപടിക്രമങ്ങളിലൂടെ കണക്കാക്കും മുമ്പേ ഭൂമി വില 570 കോടി രൂപയായി കണക്കാക്കിക്കഴിഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന് വില നിശ്ചയിക്കേണ്ടത് സംസ്ഥാന ലാന്‍ഡ് ബോര്‍ഡാണ്. അതായത് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കാണ് അധികാരം. എന്നാല്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശഭൂമിയില്‍ നാളിതുവരെ കടക്കുകപോലും ചെയ്യാത്ത വിവാദ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ലൂയിസ് ബെര്‍ഗെറിന്റെ സാധ്യതാപഠന റിപ്പോര്‍ട്ടില്‍ ഭൂമി വില 570 കോടിയായി കണക്കാക്കിയിട്ടുണ്ട്. 570 കോടി രൂപ ഭൂമി വിലയും 1390 കോടി ആദ്യഘട്ട നിര്‍മാണ ചെലവുമടക്കം 1960 കോടി രൂപയാണ് പദ്ധതിയുടെ ആദ്യഘട്ട ചെലവായി കമ്പനി കണക്കാക്കുന്നത്.
പദ്ധതി തുക ക്യത്യമായി കണക്കാക്കിയാല്‍ മാത്രമേ വിമാനത്താവളത്തിന്റെ ഇക്കണോമിക്ക് ഫീസിബിലിറ്റി പഠന റിപ്പോര്‍ട്ട് നല്‍കാനാവൂ. ഇത്തരത്തില്‍ നല്കിയ റിപ്പോര്‍ട്ടനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിറക്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: