എല്ലാം ബ്രഹ്മം തന്നെയെന്ന വിവരണം തുടരുന്നു.
ശ്ലോകം 231
ബ്രഹ്മൈവേദം വിശ്വമിത്യേവ വാണീ
ശ്രൗതി ബ്രൂതേളഥര്വ നിഷ്ഠാ വരിഷ്ഠാ
തസ്മാദേത് ബ്രഹ്മമാത്രം ഹി വിശ്വം
നാധിഷ്ഠാനാത് ഭിന്നതാളരോപിതസ്യ
ഈ വിശ്വം ബ്രഹ്മം തന്നെ എന്ന് അഥര്‍വവേദം പറയുന്നു. അതിനാല്‍ ബ്രഹ്മം മാത്രമാണ് ഈ വിശ്വം. കല്പിത വസ്തുവിന് അധിഷ്ഠാനത്തില്‍ നിന്ന് വേറിട്ട് നിലനില്‍പ്പില്ല. അഥര്വവേദത്തിലുള്പ്പെട്ട മുണ്ഡകോപനിഷത്തില്‍ രണ്ടാം ഖണ്ഡത്തിലെ പന്ത്രണ്ടാം മന്ത്രത്തില്‍
‘ ബ്രഹ്മൈവേദം വിശ്വമിദം വരിഷ്ഠം എന്ന വാക്യമുണ്ട്. ബ്രഹ്മം തന്നെയാണ് ഈ വിശ്വമെന്ന് വ്യക്തമാക്കുന്നതാണ് ഈ മന്ത്രം. പല പേരിലും രൂപത്തിലുമായി കാണുന്ന ഈ ലോകം ബ്രഹ്മം തന്നെയാണ്.
കാരണത്തില്‍ നിന്ന് കാര്യമുണ്ടാകുന്നു. കാരണത്തിന്റെ രൂപമാറ്റമാണ് കാര്യം. മണ്ണ് തന്നെയാണ് മണ്‍പാത്രമായി രൂപാന്തരം പ്രാപിക്കുന്നത്. അതുപോലെ ബ്രഹ്മം തന്നെയാണ് ജഗത്തായി മാറിയിരിക്കുന്നതെന്ന് ശ്രുതി പ്രഖ്യാപിക്കുന്നു.
ജഗത്തിനെ കാണുമ്പോള്‍ ബ്രഹ്മത്തെ കാണുന്നില്ല എന്നതാണ് പ്രശ്നം. അധിഷ്ഠാനമായ ഒന്നിലാണ് മറ്റൊന്നിനെ ആരോപിക്കുന്നത്. ആരോപിതമായ വസ്തുവിന്റെ സത്യം അതിന്റെ അധിഷ്ഠാനമാണ്.
സ്ഥാണു പുരുഷ ഭ്രാന്തിയില്‍ തൂണില്‍ ആളെ കാണുന്നു. വാസ്തവത്തില്‍ അവിടെ തൂണ് മാത്രമേ ഉള്ളൂ.
കയറില്‍ പാമ്പിനെ കാണുമ്പോഴും ഇത് തന്നെ അവസ്ഥ. പാമ്പിനെ കാണുന്നതിന് മുമ്പും കണ്ടപ്പോഴും പിന്നീടും അവിടെ കയര്‍ മാത്രമേയുള്ളൂ. ഭ്രാന്തി നിലനില്‍ക്കുന്നിടത്തോളം കാലം അധിഷ്ഠാനത്തെ കാണാന്‍ കഴിയില്ല. പകരം അവിടെ ആരോപിത വസ്തുവിനെ മാത്രമേ കാണാന്‍ കഴിയൂ. ഇതു മൂലം പലതരത്തിലുള്ള ദുഃഖങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
വെളിച്ചം വീശുമ്പോള്‍ അവ്യക്തത മാറി വ്യക്തമാകുന്നതു പോലെ ബോധോദയത്തില്‍ അധിഷ്ഠാനത്തെ ദര്‍ശിക്കാന്‍ കഴിയും. അത് മാത്രമാണ് സത്യമെന്നും ബോധിക്കും. കയറിന്റെ വാസ്തവം അറിയുക മാത്രമല്ല അതിന് ഒരിക്കലും ഒരു രൂപമാറ്റവും ഉണ്ടായിട്ടില്ലെന്നും അത് പാമ്പായി തീര്‍ന്നിട്ടില്ലെന്നും വ്യക്തമാകും. കയറില്‍ പാമ്പിന്റെ പ്രതീതി ഉണ്ടായത് മനസ്സിന്റെ വെറും കല്പ്പനയാണ്. അതേ അതു മാത്രമാണ് സംഭവിച്ചത്. പക്ഷേ ഈ തോന്നല്‍ മൂലം വരുത്തി വയ്ക്കുന്ന അനര്‍ത്ഥങ്ങള്‍ പലതായിക്കും. അതിനാല്‍ ആധാരമായതിനെ, അധിഷ്ഠാനത്തെ അറിയല്‍ തന്നെയാണ് വേണ്ടത്. പിന്നെ വിഭ്രാന്തി ഉണ്ടാകില്ല.
വിശ്വം ബ്രഹ്മമല്ല എന്ന തോന്നല്‍ അവിദ്യ മൂലമാണ്. കല്പിത വസ്തുവിന് അധിഷ്ഠാനത്തില്‍ നിന്ന് വേറിട്ട് സത്തയില്ല എന്നതു തന്നെ സത്യം. ഏകമായ ബ്രഹ്മം മാത്രമാണ് പരമാര്‍ത്ഥ സത്യം എന്ന് ശ്രുതി ഉറപ്പിക്കുന്നു.
മുണ്ഡകോപനിഷത്തില്‍ പറയുന്ന ഈ ബ്രഹ്മവിദ്യയെ ബ്രഹ്മാവ് അഥര്‍വന്‍ ഉപദേശിച്ചു എന്ന് കാണാം. അഥര്‍വ നിഷ്ഠാ എന്ന് ശ്ലോകത്തില്‍ പറഞ്ഞത് അഥര്‍വന്‍ എന്ന് പേരായ ബ്രഹ്മാവിന്റെ മകനില്‍ സ്ഥിതി ചെയ്യുന്ന വിദ്യ എന്നോ ഉപനിഷത്ത് എന്നോ അര്‍ഥമെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: