കൊല്ലം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പദ്ധതികള്‍ ജില്ലാ പഞ്ചായത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ആസൂത്രണസമിതി യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പുതിയ പദ്ധതികളും റിവിഷന്‍ പദ്ധതികളുമാണ് യോഗം അംഗീകരിച്ചത്. കല്ലുവാതുക്കല്‍, വെട്ടിക്കവല പഞ്ചായത്തുകളാണ് പുതിയ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയത്.
ജലസംരക്ഷണ പദ്ധതിയായ ജലജീവന്‍, മത്സ്യകൃഷിയുമായി ബന്ധപ്പെട്ട ബയോഫ്ലോക്, വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കല്‍, ബയോ ബിന്‍ വിതരണം, വികസന പദ്ധതികളുടെ ഡോക്യുമെന്റേഷന് എന്നിവയാണ് പുതിയ പദ്ധതികളായി അവതരിപ്പിച്ചത്.
സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി, വ്യാവസായികവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. തരിശ്-തരിശുരഹിത നിലങ്ങളില്‍ നടന്നുവരുന്ന കൃഷിയെ സംബന്ധിച്ചും മൃഗസംരക്ഷണം, ഡയറി ഡെവലപ്പ്മെന്റ്, ഫിഷറീസ്, വെറ്ററിനറി വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്, ആസൂത്രണസമിതി അംഗങ്ങളായ എസ്. വേണുഗോപാല്‍, എന്‍. രവീന്ദ്രന്, ആസൂത്രണ-തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: