മെഡിക്കല്‍ കോളേജ്: എസ്എറ്റി ആശുപത്രിയിലെ സെക്യൂരിറ്റി പ്രവര്‍ത്തനം താളം തെറ്റി. സെക്യൂരിറ്റി ഓഫീസറില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വിഭാഗത്തില്‍ കാര്യങ്ങള്‍ നോക്കിയിരുന്ന സാര്ജന്റുമാര്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നിയന്ത്രിക്കാന്‍ ആളില്ലാതെ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് ഇവിടം.
എസ്എറ്റിയിലെ സെക്യൂരിറ്റി വിഭാഗം നാല് സാര്‍ജന്റുമാരാണ് നിയന്ത്രിച്ചിരുന്നത്. ഇതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് സാര്‍ജന്റുമാരും അഞ്ച് സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റൈനിലേക്ക് മാറി. ഇതോടെയാണ് കാര്യങ്ങള്‍ വഷളായിരിക്കുന്നത്. ഇപ്പോള്‍ ഒരു സാര്‍ജന്റാണ് എസ്എറ്റിയിലുള്ളത്. ഇദ്ദേഹത്തെ കൊണ്ടു മാത്രം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്ന അവസ്ഥയുണ്ട്.
ആവശ്യത്തിന് വേണ്ട സാര്‍ജന്റുമാരെ ഡ്യൂട്ടിക്ക് നിയോഗിക്കാനും അധികൃതര്‍ തയാറായിട്ടില്ല. സാര്‍ജന്റുമാരെ നിയോഗിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറാണ്. എന്നാല്‍ ആ തസ്തിക മാസങ്ങളായി ഒഴിഞ്ഞ നിലയിലാണ്. കഴിഞ്ഞ മേയ് 31 ന് ഉണ്ടായിരുന്നവര്‍ വിരമിച്ചതോടെ പിന്നീട് നിയമനം നടത്തിയിട്ടില്ല.
രണ്ട് സെക്യൂരിറ്റി ഓഫീസറും രണ്ട് അസിസ്റ്റന്റുമാരുമാണ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആശുപത്രികളുടെ സെക്യൂരിറ്റി നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇതില്‍ രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാരും ഒരു അസിസ്റ്റന്റുമാണ് വിരമിച്ചത്. ഇപ്പോള്‍ ഒരു അസിസ്റ്റന്റിന്റെ നിയന്ത്രണത്തിലാണ് സെക്യൂരിറ്റി വിഭാഗം. സെക്യൂരിറ്റി ഓഫീസറുടെ നിയമനം സംബന്ധിച്ച് മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ വന്ന ഫയല്‍ പോലും വകുപ്പ് മേധാവി കുറച്ച് സമയം വേണമെന്ന് കാണിച്ച് മടക്കുകയാണുണ്ടായത്.
വ്യവസ്ഥയനുസരിച്ച് ജീവനക്കാര്‍ക്ക് പ്രമോഷനും ട്രാന്‍സ്ഫറും നല്കി തസ്തിക നികത്തുന്നതിന് പകരം മെഡിക്കല്‍ വിഭാഗം മേധാവി സെക്യൂരിറ്റി ഓഫീസര്‍ നിയമനം തടസപ്പെടുത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. മേധാവിയുടെ താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥനെ ഈ വിഭാഗത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് തടസം സൃഷ്ടിച്ചതിന് പിന്നിലെന്ന ആരോപണവുമുണ്ട്.
കൊറോണ പ്രതിസന്ധി രൂക്ഷമായിട്ട് പോലും വകുപ്പ് മേധാവി ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കാത്തത് ആക്ഷേപങ്ങള്‍ക്കു വഴിയൊരുക്കിയിരിക്കുകയാണ്. അടിയന്തരമായി സെക്യൂരിറ്റി ഓഫീസറെ നിയമിച്ചില്ലെങ്കില്‍ എസ്എറ്റി മാത്രമല്ല മെഡിക്കല്‍കോളേജ് ആശുപത്രിയിലെ വരെ സെക്യൂരിറ്റി വിഭാഗം പ്രതിസന്ധിയിലാവുമെന്നു ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: