കാസര്‍കോട്: കോവിഡ്19 വ്യാപന സാഹചര്യത്തില്‍ ബക്രീദ് പെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത്ബാബു അറിയിച്ചു. പൊതു സ്ഥലങ്ങളിലും പള്ളികളിലും പ്രാര്‍ഥനയ്ക്കായി ആളുകള്‍ ഒത്തുകൂടുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് അനുവദനീയമായ ആളുകള്‍ മാത്രമേ പങ്കെടുക്കാവു.
കണ്ടെയിന്മെന്റ് സോണിനകത്തുള്ള പള്ളികളില്‍ നിസ്കരിക്കാന്‍ പാടില്ല. പെരുന്നാളിനോട് അനുബന്ധിച്ച് ഖുര്‍ബാനി/ഉലുഹിയത് പ്രാര്‍ഥനകള്‍ നടത്തുമ്പോള്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാണ്.
സാമൂഹിക അകലം കൃത്യമായി പാലിക്കണം. പെരുന്നാളിനോടനുബന്ധിച്ച് ബലിദാന കര്‍മ്മങ്ങള്‍ വീടുകളില്‍ വെച്ചുമാത്രമേ നടത്താവു.
ഈ സമയത്ത് കോവിഡ് മാനദണ്ഡമനുസരിച്ച് പരമാവധി അഞ്ച് പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ അനുമതിയുള്ളു. ജലദോഷം, പനി, ചുമ. ശ്വാസതടസ്സം,തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരും കഴിഞ്ഞ 14 ദിവസംത്തിനകം ഉയര്‍ന്ന തോതില്‍ ശ്വാസ തടസ്സം നേരിട്ടവരും സാമൂഹിക പ്രാര്‍ഥനകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്.
ക്വാറന്റൈനില്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളിലും വീടുകളിലും നടക്കുന്ന ബലിദാന കര്‍മ്മങ്ങളില്‍ യാതൊരു കാരണവശാലും പങ്കെടുക്കരുതെന്നും പെരുന്നാളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: