തിരുവല്ല: നിറഞ്ഞൊഴുകുന്ന മണിമലയാറ്റിലൂടെ 40 കിലോമീറ്റര്‍ ഒഴുകിയ വയോധികയ്ക്ക് പുനര്ജന്മം. കോട്ടയം മണിമല കാവുംപടി തൊട്ടിയില്‍ സുരേന്ദ്രന്റെ ഭാര്യ ഓമന(68)യാണ് ഇന്നലെ ഒഴുക്കില്‍പ്പെട്ടതും അത്ഭുതകരമായി രക്ഷപ്പെട്ടതും.
കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിക്കടുത്തുള്ള മണിമലയില്‍ നിന്ന് ചുങ്കപ്പാറക്കുള്ള റൂട്ടിലാണ് ഓമനയുടെ വീട്. ഇന്നലെ രാവിലെ 6.45 ഓടെയാണ് അമ്മയെ കാണാതായതെന്ന് മകന് രാജേഷ് പറഞ്ഞു. തുടര്‍ന്ന് വിപുലമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മണിമല പോലീസില്‍ പരാതി നല്കി. ഇവരുടെ വീടിന്റെ പിന്നിലൂടെയാണ് മണിമലയാര്‍ ഒഴുകുന്നത്. കാല്‍വഴുതി ആറ്റില്‍ വീണതാണെന്ന് കരുതുന്നതായി മകന് പറഞ്ഞു.
കിലോമീറ്ററുകള്‍ ഒഴുകി വന്ന ഇവരെ രാവിലെ പത്തരയോടെ തിരുവല്ല ചെങ്ങന്നൂര്‍ റോഡില്‍, കുറ്റൂര്‍ തോണ്ടറ പാലത്തിന് സമീപത്ത് നിന്ന് വള്ളക്കാരാണ് രക്ഷിച്ചത്. ഫയര്‍ഫോഴ്സ് എത്തി ഓമനയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ തിരുമൂലപുരം കിഴക്ക് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് വച്ചാണ് കാല്നടയാത്രക്കാരന് ആറ്റില്‍ക്കൂടി ആരോ ഒഴുകിപ്പോകുന്നതായി കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. അവര്‍ ഡിങ്കി ബോട്ടില്‍ തെരച്ചില്‍ ആരംഭിച്ചു.
ആള് ഒഴുകി പോയ ദിശയിലൂടെ മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കുന്നതിനിടെ ആറ്റിലുണ്ടായിരുന്ന വള്ളക്കാര് വയോധികയെ രക്ഷിച്ച് കരയിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരുവല്ല പോലീസ്, മണിമല പോലീസില്‍ അന്വേഷിച്ച് രക്ഷിച്ചത് ഓമനയാണെന്ന് ഉറപ്പ് വരുത്തി. ബന്ധുക്കളെയും വിളിച്ച് വരുത്തി. ഓമനയുടെ നില തൃപ്തികരമാണെന്നും സംസാരിച്ചതായും മകന് രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: