തിരുവനന്തപുരം: കേരളം ഭീകരരുടെ സ്വന്തം നാടായി മാറുമ്പോള്‍, ഐഎസിന്റെ താവളമാകുമ്പോള്‍ ഒന്നും അറിയുന്നില്ല കേരളാ പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ്, അഥവാ എടിഎസ്. അയല്‍ സംസ്ഥാനങ്ങള്‍ ഭീകര വിരുദ്ധ സ്ക്വാഡ് രൂപീകരിച്ച് ശക്തമായി പ്രവര്‍ത്തിക്കുമ്പോഴാണ് കേരളം യാതൊന്നും ചെയ്യാത്തത്. കേരളത്തില്‍ ഐഎസിന് സാമാന്യം ശക്തമായ ശൃംഖലയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ പോലും പറയുമ്പോഴാണിത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെ ഭീകര സാന്നിധ്യം വ്യക്തമാക്കിയ ശേഷം പേരിന് ഒരു എടിഎസ് രൂപീകരിച്ചു. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ് അന്വേഷണം നടത്തിയില്ല. കണ്ണൂര്‍, കാസര്‍കോട് മേഖലയിലെ ഭീകരസാന്നിധ്യം, ലൗ ജിഹാദ്, ഭീകരപ്രവര്‍ത്തനത്തിന് കുഴല്‍പ്പണം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് ആഭ്യന്തര വകുപ്പ്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെയും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെയും വധിക്കാന്‍ ഭീകരര്‍ ശ്രമിച്ചുവെന്ന കേസുകള്‍ പോലും നിസാരവത്കരിച്ചു. എബിവിപി നേതാക്കളായ വിശാല്‍, സച്ചിന് ഗോപാല്‍, എസ്എഫ്ഐ നേതാവ് അഭിമന്യു തുടങ്ങിയവരുടെ കൊലപാതകത്തില്‍ ഭീകരരുടെ സാന്നിധ്യവും ഇടപെടലും തെളിഞ്ഞിട്ടും ഈ കേസുകള്‍ എന്‍ഐഎക്ക് കൈമാറാനും സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല.
കണ്ണൂരിലെ കനകമലയില്‍ 2016 ഒക്ടോബറില്‍ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിച്ചപ്പോള്‍ എന്‍ഐഎ സംഘം പ്രദേശം വളയുകയും ഭീകരരെ പിടികൂടുകയും ചെയ്തു. ഇതില്‍ ആറുപേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നെന്ന് കോടതിയും കണ്ടെത്തി. ഈ കേസില്‍ സംസ്ഥാന പോലീസ് ഒരു ഇടപെടലും നടത്തിയില്ല. വളപട്ടണം, കനകമല, കണ്ണൂര്‍, തലശ്ശേരി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി പേരെയാണ് ഐഎസ് അനുബന്ധകേസുകളില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
കളിയിക്കാവിളയില്‍ എസ്ഐയെ വധിക്കാന്‍ ഉപയോഗിച്ച കത്തി തിരുവനന്തപുരം ബസ് സ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ ഭാഗത്തു നിന്നും തോക്ക് കൊച്ചിയിലെ ഓടയില്‍ നിന്നുമാണ് എന്‍ഐഎ സംഘം കണ്ടെത്തിയത്. ഭീകരര്‍ക്ക് കേരളത്തില്‍ നിന്നു സഹായം ലഭിച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തമിഴ്നാട് ക്യു ബ്രാഞ്ചിനോട് സഹകരിക്കാന്‍ പോലും കേരള പോലീസ് തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: