കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷിക്കുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സി ഇക്കാര്യം പരിശോധിക്കുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന് സമാനമായി രാജ്യ വിരുദ്ധത വളര്‍ത്തുന്ന ലഘുലേഘകളും പുസ്തകങ്ങളും എത്തിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഗൗരവം കണത്തിലെടുത്താണ് രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. കൂടാതെ കേസില്‍ അറസ്റ്റിലായ പ്രതികളും ഇതുമായി ബന്ധപ്പെട്ട് മൊഴി നല്കിയിട്ടുള്ളതാണ്.
കേസിലെ രാജ്യവിരുദ്ധത സംബന്ധിച്ച് പരിശോധിക്കുന്നതിനായി അന്വേഷണ സംഘത്തിന്റെ കേസ് ഡയറി നേരിട്ട് ഹാജരാക്കാന്‍ പ്രത്യേക കോടതി എന്‍ഐഎ സംഘത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച്ച കേസ് ഡയറി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണ്ണക്കടത്ത് കേസിന്റെ ദേശവിരുദ്ധത സംബന്ധിക്കുന്ന അതീവ രഹസ്യ വിവരങ്ങളാണ് കേസ് ഡയറിയിലുള്ളത്.
ഇത് കൂടാതെ സ്വപ്നയ്ക്കും സംഘത്തിനും സഹായങ്ങള്‍ നല്‍കിയിരുന്ന സംഘം ഇേപ്പാഴും പ്രവര്‍ത്തിക്കുന്നതായാണ് സൂചന. ഇതിനെ തുടര്‍ന്ന് സ്വപ്ന, സന്ദീപ് എന്നിവരുടെ സുഹൃത്തുക്കളില്‍ ചിലര്‍ നിരീക്ഷണത്തിലാണ്. അതിനിടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷിക്കുന്നു. ശിവങ്കര്‍ സ്വപ്നയില് നിന്നും പണം കടം വാങ്ങിയതായി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണെന്നാണ് അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കര്‍ നല്കിയ മൊഴി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇത്. കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. വര്‍ഷങ്ങളായി ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ നോക്കുന്നത് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.
അതേസമയം സ്വപ്നയ്ക്ക് ഫ്ളാറ്റ് എടുക്കാന്‍ സഹായിച്ചതല്ലാതെ സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്. എന്നാല്‍ കേസില്‍ ശിവശങ്കറിന് ക്ലീന്‍ചിറ്റ് നല്‍കില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: