തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങി(സി-ആപ്റ്റ്)ല്‍ കസ്റ്റംസ് പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്കു സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഹൈ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസാണ് ഇവിടെയുള്ളത്.
റംസാന് റിലീഫിന്റെ ഭാഗമായി യു.എ.ഇ കോണ്‍സുലേറ്റ് മലപ്പുറത്ത് നല്കിയ ഭക്ഷ്യകിറ്റിനൊപ്പം മതഗ്രന്ഥമായ ഖുറാനും വിതരണം ചെയ്തിരുന്നു. ഭക്ഷ്യ കിറ്റിനായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി കെ.ടി. ജലീല്‍ പലപ്പോഴായി വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഭക്ഷ്യകിറ്റിന്റെ ആവശ്യത്തിനായി യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്നയെ വിളിച്ചതെന്നാണ് ജലീലിന്റെ വിശദീകരണം.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സീല്‍ഡ് കവറുകളടക്കം ചില പാഴ്സലുകള്‍ സി-ആപ്റ്റിലും, ഇവിടെ നിന്ന് സി- ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തും എത്തിച്ചതായി വിവരം കിട്ടിയിരുന്നു.ഇതിന്റെ വിശദാംശങ്ങള്‍ അറിയാനാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സി.ആപ്റ്റിന്റെ വട്ടിയൂര്‍ക്കാവിലെ ഓഫീസിലെത്തിയ കസ്റ്റംസ് സംഘം സി ആപ്റ്റിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തു. ശിവശങ്കറിന്റെ വരുമാനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതവരുത്താനാണ് ഇദ്ദേഹത്തെ ചോദ്യംചെയ്തത്. ശിവശങ്കര്‍ നല്കിയ മൊഴികളിലെ സത്യാവസ്ഥ അറിയാനും വരുമാനസ്രോതസുകള്‍ കണ്ടെത്താനുമായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: