ന്യൂദല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് എംപിയും മുന്‍ മാനവവിഭവശേഷി സഹമന്ത്രിയുമായ ശശി തരൂര്‍. എന്നാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ നയം കൊണ്ടുവന്നതില്‍ തരൂര്‍ അതൃപ്തി രേഖപ്പെടുത്തി.
പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ സ്വാഗതാര്‍ഹമായ പല കാര്യങ്ങളുമുണ്ട്. ഞങ്ങളെപ്പോലുള്ള ചിലര്‍ ഉയര്‍ത്തിയ നിര്‍ദേശങ്ങളും മുഖവിലയ്ക്കെടുത്തിട്ടുണ്ട്. പക്ഷെ ഇത് പാര്‍ലമെന്റില്‍ എന്ത്കൊണ്ട് ചര്‍ച്ചയ്ക്ക് വെച്ചില്ല എന്നതാണ് ബാക്കിയാവുന്ന ചോദ്യം, തരൂര്‍ ട്വീറ്റ് ചെയ്തു.
മാനവ വിഭവ ശേഷി മന്ത്രിയായിരിക്കെ ദേശീയ വിദ്യാഭ്യാസ നയം പുനപ്പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തരൂര്‍ പറയുന്നു. ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ആറ് വര്‍ഷമെടുത്തെങ്കിലും അവരത് ചെയ്തു എന്നതില്‍ സന്തോഷമുണ്ട്. പക്ഷെ ആഗ്രഹത്തിനൊത്ത് ഇനി ഇതെല്ലാം നടപ്പിലാക്കുകയെന്നതാണ് വെല്ലുവിളി, തരൂര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ 50 ശതമാനം പ്രവേശന അനുപാതമെന്ന ലക്ഷ്യവും പത്താംക്ലാസ് തലത്തില്‍ 100 ശതമാനം പ്രവേശന അനുപാതമെന്നതും പ്രശംസനീയമാണ്. നിലവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലത് 25 ശതമാനം എന്നും ഒമ്പതാം ക്ലാസ്സില്‍ 68 ശതമാനം എന്നുമാവുമ്പോള്‍ അത് യാഥാര്‍ഥ്യബോധത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണോ എന്ന ആശങ്കയും തരൂര്‍ പങ്കുവയ്ക്കുന്നുണ്ട്. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവഴിക്കണമെന്നത് എങ്ങിനെ സാധ്യമാകുമെന്ന സംശയവും തരൂര്‍ ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: