തൃശൂര്‍ : ജില്ലയില്‍ സമൂഹവ്യാപനം സംബന്ധിച്ച ആശങ്ക പടരുന്നതിനിടെ ജില്ലയില്‍ പ്രധാന പട്ടണങ്ങളെല്ലാം രോഗവ്യാപന ഭീതിയില്‍. ഇരിങ്ങാലക്കുടയിലാണ് രോഗം ഏറ്റവും രൂക്ഷമായി പടരുന്നത്. തൃശൂര്‍ നഗരത്തിലും ചാവക്കാട്, കുന്നംകുളം,ചേലക്കര,മാള എന്നിവിടങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.
തൃശൂര്‍ കോര്പ്പറേഷന്, ഇരിങ്ങാലക്കുട നഗരസഭ എന്നിവ പൂര്‍ണമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. കുന്നംകുളം നഗരസഭയില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തിനും പ്രയോജനം ലഭിക്കുന്നില്ല. കുന്നംകുളം നഗരസഭയിലെ കുറുക്കന് പാറയില്‍ കഴിഞ്ഞദിവസം 22പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെന്ന് വ്യക്തമായാല്‍ കുന്നംകുളത്ത് ട്രിപ്പിള്‍ ലേക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്വേണ്ടി വന്നേക്കും.
ഇരിങ്ങാലക്കുടയില്‍ നിലവില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്.നഗര സഭയുടെ ആരോഗ്യ വിഭാഗം ഒഴികെയുള്ള എല്ലാപ്രവര്‍ത്തനങ്ങളും നിലച്ച അവസ്ഥയിലാണ്. ഇരിങ്ങാലക്കുട നഗരസഭയോട് ചേര്‍ന്ന് കിടക്കുന്ന മുരിയാട് പഞ്ചായത്ത് പ്രദേശവും ട്രിപ്പിള്‍ ലോക്ഡൗണിലാണ്. മാളയില്‍ കഴിഞ്ഞദിവസം സമ്പര്‍ക്ക വ്യാപനം കണ്ടെത്തിയതോടെ പഞ്ചായത്തില്‍ അതിനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്. ചാവക്കാട് നഗരസഭ പരിധിയില്‍ നിലവില്‍ പത്തോളം പേര്ചികിത്സയിലുണ്ട്. അടച്ചിട്ടിരുന്ന നഗരസഭ ഓഫീസ് ഇന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ആശങ്ക നിലനില്‍ക്കുകയാണ്. ഇന്ന് രാവിലെ കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട് .യോഗം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ നഗരത്തിലും സ്ഥിതി ഏറെ രൂക്ഷമാണ്. ശക്തന് പച്ചക്കറി-മത്സ്യ മാര്‍ക്കറ്റുകളില്‍ തൊഴിലാളികള്‍ക്ക് സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. കോര്പ്പറേഷന് ഓഫീസ് നിശ്ചലമാണ്. അയ്യന്തോള്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഓഫീസിലെ പോലീസുകാരന് രോഗം സ്ഥിരീകരിച്ചതോടെ സിവില്‍ സ്റ്റേഷന് ഭാഗികമായി അടച്ചിട്ടിരിക്കയാണ്. ആര്‍ടിഒ ഓഫീസിന്റെ പ്രവര്‍ത്തനവും നിശ്ചലമായി. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
ജില്ലയില്‍ സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്നതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന ശുചീകരണ തൊഴിലാളികള്‍, കുടുംബശ്രീ,സിഡിഎസ് പ്രവര്‍ത്തകര്‍, പോലീസുകാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് രോഗം വരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇവര്‍ ദിവസേന കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരാണ്. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ രോഗബാധയുടെ തോത് കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: