തൃശൂര്‍: പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ ജീവപര്യന്തം കഠിന തടവിനും 3 ലക്ഷത്തി 22,000 രൂപ പിഴയടയ്ക്കുന്നതിനും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി.അജിത്കുമാര്‍ ശിക്ഷിച്ചു. നോര്‍ത്ത് പറവൂര്‍ പാലാത്തുരുത്ത് ദേശത്ത് കളത്തിപറമ്പില്‍ ചിഞ്ചുഖാനെ (34) ആണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായായുള്ള ജീവപര്യന്തം കഠിനതടവിനു പുറമേ 12 വര്‍ഷം കഠിന തടവിനും വിധിച്ചിട്ടുണ്ട്. പിഴ സംഖ്യ അടയ്ക്കുന്നപക്ഷം ഇരയായ യുവതിക്ക് നല്‍കണം. പിഴ അടയ്ക്കാത്തപക്ഷം 6 മാസം കൂടുതലായി തടവ് അനുഭവിക്കണം.
2011 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് കേസിനാസ്പമായ സംഭവം. മിസ്ഡ് കോള്‍ വഴിയാണ് അംഗപരിമിത കൂടിയായ യുവതിയെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പലതവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. ഇതിനു പുറമേ യുവതിയില്‍ നിന്ന് 50,000 രൂപയും അര പവന് വീതമുള്ള 2 ജോഡി സ്വര്‍ണ്ണക്കമ്മലുകളും പലതവണകളായി പ്രതി കൈവശപ്പെടുത്തി. ദരിദ്ര കുടുംബാംഗമായ യുവതി കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. വിവാഹ വാഗ്ദാനം നല്കിയപ്പോള് തന്നെ താന്‍ പട്ടികജാതിക്കാരിയാണെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ യഥാര്‍ത്ഥ പേരും വിലാസവും താന്‍ വിവാഹിതനാണെന്നും കുട്ടികളുടെ പിതാവാണെന്നുമുള്ള വിവരവും പ്രതി മറച്ചു വെച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. എന്നാല്‍ 6 മാസം പ്രായമുള്ളപ്പോള്‍ കുട്ടി മരിച്ചു.
പ്രതി മന:പൂര്‍വ്വം യുവതിയോട് ചതിയും വിശ്വാസവഞ്ചനയും ചെയ്തുവെന്നും ഭാര്യയും കുട്ടികളുമുള്ള വിവരം മറച്ചുവെച്ചാണ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തുകയായിരുന്നു. പട്ടികജാതിയില്‍പ്പെട്ട യുവതിക്കെതിരായി 10 വര്‍ഷത്തിലും അതിലധികവും ശിക്ഷയുള്ള കുറ്റകൃത്യം പ്രതി ചെയ്തതായി കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായുള്ള അതിക്രമം തടയുന്ന നിയമപ്രകാരം ജീവപര്യന്തം കഠിനതടവിന് പ്രതിയെ ശിക്ഷിച്ചത്. പട്ടികജാതികാര്‍ക്കെതിരായ പീഡനകേസില്‍ അപൂര്‍വ്വമായാണ് ഇത്തരത്തില്‍ ജീവപര്യന്തം ശിക്ഷ ഉണ്ടാകാറുള്ളത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: