കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റുന്ന സാഹചര്യത്തില്‍ അവിടെ പ്രവര്‍ത്തിക്കുന്ന അഞ്ച് ഒപികള്‍ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റാന്‍ തിരുമാനം. ഓര്‍ത്തോ, സര്‍ജറി, പീഡിയാട്രിക്സ്, ഡെര്‍ മറ്റോളജി, ഒഫ്ത്താല്‍മോളജി എന്നീ ഒപികളാണ് കാരപ്പറമ്പിലേക്ക് മാറ്റുക. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആരോഗ്യവിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ അവരുടെ ചികിത്സക്കായി പ്രത്യേക ചികിത്സാ സൗകര്യമൊരുക്കും. രോഗവ്യാപനം തടയുന്നതിനായി ക്ലസ്റ്ററുകളിലും കണ്ടെയിന്മെന്റ് സോണുകളിലും കൂടുതല്‍ പരിശോധനകള്‍ നടത്തും.
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കായി 2,000 കിടക്കകള്‍ ഒരുക്കും. കോവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികള്‍ക്ക് പ്രത്യേകം ചികിത്സാ സൗകര്യമൊരുക്കും. ഇഖ്റ കൗണ്‍സിലിംഗ് സെന്റര്‍, ഇഖ്റ പുതിയ ബ്ലോക്ക്, ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജ് നഴ്സിംഗ് ഹോസ്റ്റല്‍ ബ്ലോക്ക്, മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് നഴ്സിംഗ് ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ കോവിഡ് ചികിത്സാ സൗകര്യമൊരുക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദിനംപ്രതി 1,500 കോവിഡ് ടെസ്റ്റുകള്‍ നടത്താനും ഇവയുടെ ഫലം വേഗത്തില്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്കി. ഏഴ് സ്വകാര്യ ലാബുകള്‍ക്ക് ജില്ലയില്‍ കോവിഡ് ടെസ്റ്റ് നടത്താനുള്ള അനുമതിയുണ്ട്. ആശുപത്രികള്‍ക്കു പുറമേ കോവിഡ് ചികിത്സക്കായി തദ്ദേശ സ്ഥാപനങ്ങള്‍വഴി 108 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ 13 എഫ്എല്‍ടിസികള്‍ ആദ്യഘട്ടത്തില്‍ ഉപയോഗിക്കും. അഞ്ച് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ആകെ 7,583 കിടക്കളാണ് സജ്ജീകരിച്ചിട്ടുള്ളത്. 2,800 കിടക്കകള്‍ ഏതു സമയവും ഉപയോഗപ്പെടുത്താം. കോവിഡ് ചികിത്സകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വകാര്യ ആശുപത്രികള്‍ സ്വീകരിക്കണം. ആയുര്‍വ്വേദം, ഹോമിയോപ്പതി തുടങ്ങിയ എല്ലാ ചികിത്സാ സംവിധാനങ്ങളും കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്തുമെന്നും യോഗം അറിയിച്ചു.
മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജയശ്രീ, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി. ആര്. രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: