കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോഴും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലെ അവ്യക്തത ജനങ്ങളെയും വ്യാപാരികളെയും കുഴക്കുന്നതായി ആക്ഷേപം. കോവിഡ് വ്യാപനമുണ്ടായ മേഖലകളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലാത്തതും കോവിഡ് കേസുകള്‍ ഇല്ലാത്ത കേന്ദ്രങ്ങളെ പാടേ അടച്ചുപൂട്ടുന്നതും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
ജില്ലാ ഭരണകൂടം ഇറക്കുന്ന ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പലപ്പോഴും നടപടികള്‍ ഉണ്ടാവുന്നതെന്ന ആക്ഷേപവും കുറവല്ല. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചക്യത്തില്‍ കാസര്‍കോട് പട്ടണത്തില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്യുമ്പോഴും കോവിഡ് കേസുകള്‍ നന്നേ കുറഞ്ഞതോ തീരെ ഇല്ലാത്തതോ ആയ ചില ഭാഗങ്ങള്‍ അടച്ചിട്ടതിനെ വ്യാപാരികള്‍ അടക്കം ചോദ്യം ചെയ്യുന്നുണ്ട്. നഗരത്തിലെടുത്തുപറയത്തക്കവണ്ണം ഒരു പച്ചക്കറി മാര്‍ക്കറ്റില്ല.
മത്സ്യമാര്‍ക്കറ്റാണ് ഉള്ളത്. എന്നാല്‍ ഇവിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മര്‍ച്ചന്റ്സ് കെട്ടിടത്തിലും സമീപത്തുമായി രണ്ടോ മൂന്നോ പച്ചക്കറി കടകളുണ്ട്. ഇവിടെ ചിലര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗം അടച്ചതിനൊപ്പം എം.ജി. റോഡിന്റെ പല ഭാഗങ്ങളും അടച്ചിടാന്‍ നേരത്തെ ഉത്തരവിട്ടത് വ്യാപാരികള്‍ക്ക് വലിയ പ്രയാസമാണുണ്ടാക്കിയത്.
വാര്‍ഡ് മാറി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുന്ന സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്. കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗമാണ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുന്നത്.
എന്നാല്‍ പലയിടത്തും തൊട്ടടുത്തുള്ള വാര്‍ഡുകളാണ് ഇങ്ങനെ പ്രഖ്യാപിക്കപ്പെടുന്നത്. ആരോഗ്യ പ്രവര്‍ത്തകരും പോലീസും സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ നല്‍കുന്നതിലെ കൃത്യത ഇല്ലായ്മയാണ് ഇതിന് കാരണമെന്ന് പറയുന്നു. കാസര്‍കോട് ടൗണില്‍ ഉള്‍പ്പെടെ ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കപ്പെടുന്നുണ്ടെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: