മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ വീടുകള്‍ തകര്‍ക്കുന്ന കാട്ടാനക്ക് റേഡിയോകോളര്‍ ഘടിപ്പിക്കുന്നതിന് ഉത്തരവായി. കത്താളക്കണ്ടി, വെച്ചപ്പതി, വരഗംപാടി, ചാവടിയൂര്‍, ചന്തക്കട എന്നിവിടങ്ങളിലായി 19 വീടുകളാണ് ബുള്‍ഡോസറെന്ന് വിളിപ്പേരുവീണ മോഴയാന തകര്‍ത്തത്. ഇതോടെയാണ് ആനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തിരിച്ചുവിടാനും നിരീക്ഷിക്കാനും വനംവകുപ്പ് തീരുമാനിച്ചത്.
ആനയെ അട്ടപ്പാടിയില്‍നിന്ന് മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും റേഡിയോകോളര്‍ ഘടിപ്പിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ആനയുടെ കഴുത്തില്‍ ഘടിപ്പിക്കുന്ന റേഡിയോകോളറിലെ മൈക്രോചിപ്പിലെ സിഗ്നലുകള്‍ ഉപഗ്രഹസംവിധാനംവഴി ആന എവിടെയെന്ന് കണ്ടെത്താനാവും. കമ്പ്യൂട്ടറിലോ മൊബൈല്‍ വഴിയോ നിരീക്ഷിക്കാം.
വനപാലകരുടെ സാന്നിധ്യം തിരിച്ചറിയുന്ന ആന സ്ഥിരമായി ഒരുസ്ഥലത്തെത്താതെ മറ്റുള്ള സ്ഥലങ്ങളിലേക്ക് നീങ്ങുന്നതിനാല്‍ ആനയെ നിരീക്ഷിക്കാന്‍ കഴിയാറില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: