പാലക്കാട് : കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വെള്ളിനേഴിയില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിന്റെ കെട്ടിട ഉദ്ഘാടനം. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത് നൂറിലധികം ആളുകള്‍. പങ്കെടുത്തവര്‍ ആരുംതന്നെ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ ഒരു മാനദണ്ഡങ്ങളും പാലിച്ചില്ല.
പട്ടാമ്പി ക്ലസ്റ്ററില്‍ ആദ്യഘട്ട ആന്റിജന്‍ പരിശോധനയില്‍ , കൊറോണ നെഗറ്റീവായവര്‍ക്ക് പോലും രണ്ടാംഘട്ടത്തില്‍ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ്, 18 കിലോമീറ്റര്‍ അപ്പുറം സ്ഥിതിചെയ്യുന്ന വെള്ളിനേഴി പഞ്ചായത്തില്‍, പുതിയ കെട്ടിട ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന നിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറിലേറെ ആളുകള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
പഞ്ചായത്ത് കെട്ടിടത്തിന്റെ പലയിടങ്ങളിലായി സാമൂഹിക അകലം പാലിക്കുക എന്ന് എഴുതി വെച്ചിട്ടുണ്ടെങ്കിലും ,യാതൊരു സാമൂഹിക അകലവും പാലിക്കാതെ തിങ്ങിവിങ്ങിയാണ് ആളുകള്‍ ഉദ്ഘാടന വേദിക്കു മുന്പില് നിന്നത്.
ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്ദീനാണ് ഓണ്‍ലൈനിലൂടെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് ഇത്തരത്തില്‍ ഈ പരിപാടി സംഘടിപ്പിച്ച പഞ്ചായത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: