ദുബായ്: വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം. അതേസമയം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതിയ റാങ്കിങ്ങില്‍ ബ്രോഡ് ഏഴ് സ്ഥാനം മുന്നില്‍ കയറി മൂന്നാം സ്ഥാനത്തെത്തി.
നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 269 റണ്‍സ് വിജയമൊരുക്കിയതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ബ്രോഡ്. രണ്ട് ഇന്നിങ്സിലുമായി 67 റണ്‍സിന് പത്ത് വിക്കറ്റ് പോക്കറ്റിലാക്കി. ഇതോടെ ടെസ്റ്റ് വിക്കറ്റുകളില്‍ ഈ പേസര്‍ അഞ്ഞൂറ് തികച്ചു.
മുന്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തായിരുന്ന ജസ്പ്രീത് ബുംറ പുതിയ റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ് ഇരുപതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ക്രിസ് വോക്സ് അഞ്ചു വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് സ്ഥാനം പിന്നില്‍ പോയി. മൂന്നാം സ്ഥാനത്തായിരുന്ന ഹോള്‍ഡര്‍ പുതിയ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 45 പന്തില്‍ 62 റണ്‍സ് അടിച്ചെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡ് ഓള് റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: